ബംഗളൂരു: വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. ടീമിന് വേണ്ടി കാര്യമായ സംഭാവനയൊന്നും താരത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ അര്‍ധ സെഞ്ചുറി ഒഴിച്ചാല്‍ പിന്നീട് പന്ത് നിരാശപ്പെടുത്തി. റണ്‍സ് നേടുന്നില്ല എന്നതിനപ്പുറത്ത് പുറത്താവുന്ന രീതിയാണ് പലപ്പോഴും ചര്‍ച്ചയാവുന്നത്. ബാറ്റിങ് ശൈലിക്കെതിരെ രവി ശാസ്ത്രി, വിക്രം റാത്തോഡ് എന്നിവര്‍ രംഗത്ത് വന്നിരുന്നു. 

ഇപ്പോഴിത ചീഫ് സെലക്റ്റര്‍ എം എസ് കെ പ്രസാദും പന്തിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. പന്തിന്റെ ജോലിഭാരം പരിശോധിക്കുമെന്നാണ് പ്രസാദ് പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''ഋഷഭ് പന്തിന്റെ ജോലിഭാരം പരിശോധിക്കും. എല്ലാ ഫോര്‍മാറ്റിലും നമുക്ക് ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍മാരുണ്ട്. കെ എസ് ഭരത് ഇന്ത്യ എയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നു. സഞ്ജു സാംസണും ഇഷാന്‍ കിഷനും അടുത്തിടെ ഇന്ത്യക്ക് വേണ്ടി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി.'' മൂവരെയും പരിഗണിക്കുമെന്നാണ് പ്രസാദ് പറഞ്ഞുവരുന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ പന്ത് തന്നെയാണോ ഒന്നോ നമ്പര്‍ വിക്കറ്റ് കീപ്പര്‍ അതോ വൃദ്ധിമാന്‍ സാഹ തിരിച്ചെത്തുമോയെന്നുള്ള ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി... ''അക്കാര്യം ടീം മാനേജ്‌മെന്റ് തീരുമാനിക്കും. സ്പിന്നിനെ സഹായിക്കുന്ന ട്രാക്കില്‍ കുറച്ചുകൂടെ മികച്ച വിക്കറ്റ് കീപ്പറെ വേണമെങ്കില്‍ അത് ടീം മാനേജ്‌മെന്റ് പറയും.'' പ്രസാദ് പറഞ്ഞുനിര്‍ത്തി. 

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ടി20 പരമ്പരയ്ക്ക് ശേഷം നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ പന്ത് പാഡ് കെട്ടുന്നുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലാണ് പന്ത് ഡല്‍ഹിക്കായി കളിക്കുക.