ടൂർണമെന്റിലെ പ്രധാന റെക്കോഡുകൾ ഇന്ത്യയുടെ പേരിലാണ്, കോലിയുടെ സെഞ്ചുറി മുതൽ ഭുവിയുടെ മികച്ച ബൗളിംഗ് പ്രകടനം വരെ.
ദുബായ്: ഏഷ്യാ കപ്പില്‍ നാളെ ആദ്യ പോരിന് ഇറങ്ങുകയാണ് ഇന്ത്യ. വൈകിട്ട് എട്ടിന് ആരംഭിക്കുന്ന മത്സരത്തില്‍ യുഎഇയാണ് ഇന്ത്യയുടെ ആദ്യ എതിരാളി. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. ഇംഗ്ലണ്ട് പര്യടനത്തിന് ഒരു മാസത്തിന് ശേഷമാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം കളത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്. ദുബൈയിലും അബുദാബിയിലും വെച്ച് നടക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ സെപ്റ്റംബര്‍ 28നാണ്. ഇന്ത്യ ഇറങ്ങുമ്പോള്‍ ഏഷ്യാ കപ്പിലെ ചില റെക്കോഡുകളും പരിശോധിക്കാം.
വിരാട് കോലിയുടെ പേരിലാണ് ഏഷ്യാ കപ്പ് ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 2022ല്‍ അഫ്ഗാനിസ്ഥാനെതിരെ 122 റണ്‍സാണ് കോലി നേടിയത്. ടി20 കോലിയുടെ ഏക സെഞ്ചുറിയും ഇതുതന്നെയാണ്. 2016ല്‍ ഹോങ്കോങ്ങിന്റെ ബാബര്‍ ഹയാത്തും 122 റണ്‍സ് നേടിയിട്ടുണ്ട്. ഏറ്റവും മികച്ച ബൗളിംഗ് റെക്കോഡ് അവകാശപ്പെടാനുള്ളത് മുന്‍ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറിനാണ്. 2022ല്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ വെറും നാല് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കാന്‍ ഭുവിക്കായി.
ഏഷ്യാ കപ്പ് ടി-20യില്‍ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇന്ത്യന്‍ ടീമിന്റെ പേരിലാണ്. 2022ല്‍ അഫ്ഗാനെതിരെ വിരാട് ശതകം തികച്ച മത്സരത്തില്‍ 212 റണ്‍സാണ് ഇന്ത്യ നേടിയത്. ഏഷ്യാ കപ്പിന്റെ ടി-20ന്റെ ഫോര്‍മാറ്റില്‍ മറ്റ് ടീമുകളൊന്നും 200 റണ്‍സ് നേടിയിട്ടില്ല. 2022ല്‍ പാകിസ്ഥാനെതിരെ ഹോങ്കോങ് നേടിയ 38 റണ്‍സാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്
സ്റ്റാന്‍ഡ് ബൈ കളിക്കാര്‍: യശസ്വി ജയ്‌സ്വാള്‍, പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍.

