ഏകദിന റാങ്കിംഗില്‍ നമ്പര്‍ വണ്‍ ബാറ്ററായിട്ടും നെതര്‍ലന്‍ഡ്സിനെതിരെ പോലും തിളങ്ങാനാവാത്ത ബാബറിന് സിംബാബ്‌വെ മാത്രമെ പറ്റുള്ളൂവെന്നും ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കുന്നു. ഹൈവേ പോലുള്ള ഫ്ലാറ്റ് പിച്ചുകളില്‍ മാത്രമെ ബാബറിനെ തിളങ്ങാനാവു എന്നും ഇന്ത്യന്‍ ആരാധകര്‍ പരിഹസിച്ചു.
ഹൈദരാബാദ്: ഇന്ത്യയിലെ ബാറ്റിംഗ് പിച്ചുകളില്‍ ബാബര്‍ അസം ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ നേടിയതിനെക്കാളും 15 സെഞ്ചുറികളെങ്കിലും അധികം നേടുമായിരുന്നുവെന്നാണ് പലപ്പോഴും പാകിസ്ഥാന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറയാറുള്ളത്. എന്നാല്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ താളം കണ്ടെത്താന്‍ പാടുപെട്ട ബാബര്‍ 18 പന്തില്‍ അഞ്ച് റണ്‍സെടുത്ത് മടങ്ങിയതോടെ ബാബറിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. ഇതിന് മറുപടിയുമായി പാക് ആരാധകരും എത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യ-പാക് ആരാധകര്‍ തമ്മില്‍ പോരും തുടങ്ങി.
പാവങ്ങളുടെ ശുഭ്മാന്‍ ഗില്‍ ഇതാ പോകുന്നുവെന്നാണ് ബാബറിന്‍റെ പെട്ടെന്നുള്ള പുറത്തകാലിനെ ഒരു ആരാധകന്‍ വിശേഷിപ്പിച്ചത്. ഏകദിന റാങ്കിംഗില്‍ നമ്പര്‍ വണ്‍ ബാറ്ററായിട്ടും നെതര്‍ലന്‍ഡ്സിനെതിരെ പോലും തിളങ്ങാനാവാത്ത ബാബറിന് സിംബാബ്‌വെ മാത്രമെ പറ്റുള്ളൂവെന്നും ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കുന്നു. ഹൈവേ പോലുള്ള ഫ്ലാറ്റ് പിച്ചുകളില്‍ മാത്രമെ ബാബറിനെ തിളങ്ങാനാവു എന്നും ഇന്ത്യന്‍ ആരാധകര്‍ പരിഹസിച്ചു. ബാബറിന് ഒരിക്കലും കോലിയാവാനാവില്ലെന്നും ആരാധകര്‍ പറയുന്നു.
ഇന്ത്യക്കെതിരെ ഇതുവരെ ഏകദിന ഫിഫ്റ്റി അടിക്കാത്ത ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ മാത്രം സിക്സ് അടിച്ച ബാബര്‍ എങ്ങനെയാണ് ഒന്നാം നമ്പര്‍ ഏകദിന ബാറ്ററാകുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു. എന്നാല്‍ 2011ലെ ഏകദിന ലോകകപ്പില്‍ വിരാട് കോലി നെതര്‍ലന്‍ഡ്സിനെതിരെ 12 റണ്‍സെടുത്ത് പുറത്തായതിന്‍റെ വീഡിയോ പങ്കുവെച്ചാണ് പാക് അരാധകര്‍ മറുപടി നല്‍കുന്നത്. അക്കാലത്ത് സമൂഹമാധ്യമങ്ങള്‍ ഇത്രയും സജീവമല്ലാതിരുന്നത് കൊണ്ടാണ് കോലി രക്ഷപ്പെട്ടതെന്നും പാക് ആരാധകര്‍ പറയുന്നു.
