സച്ചിനൊപ്പമെത്താന്‍ ഇതിലും മികച്ചൊരു ദിവസമില്ല! പിറന്നാള്‍ ആഘോഷമാക്കാനൊരുങ്ങി വിരാട് കോലി, കൂടെ മറ്റു നേട്ടവും
ഏകദിനത്തില്‍ ഇതുവരെ വിരാട് കോലി നേടിയത് 48 സെഞ്ചുറികള്‍. എതിരാളികളുടെ മൈതാനത്തും റണ്‍സ് പിന്തുടരുമ്പോഴും തുടങ്ങി ഏത് സമ്മര്‍ദ്ധഘട്ടവും അനുകൂലമാക്കുന്ന കോലിക്ക് പക്ഷേ സ്വന്തം പിറന്നാള്‍ ദിനത്തില്‍ ഒരു സെഞ്ചുറിയില്ല.

കൊല്‍ക്കത്ത: വിരാട് കോലിക്ക് ഇന്ന് മുപ്പത്തിയഞ്ചാം പിറന്നാള്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ പിറന്നാള്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കിംഗ് കോലി. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ കോലിയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട് ആരാധകര്‍. ക്രിക്കറ്റ് ചരിത്രത്തില്‍ വെറും ആറ് ബാറ്റര്‍മാര്‍ക്ക് മാത്രമുള്ള അപൂര്‍വ നേട്ടം കൂടി ലക്ഷ്യമിട്ടാണ് വിരാട് കോലി ഇന്ന് കൊല്‍ക്കത്തയിലിറങ്ങുക. ഒരു സെഞ്ചുറിക്കകലെ സച്ചിന്റെ റെക്കോര്‍ഡും കോലിക്ക് മുന്നിലുണ്ട്.
ഏകദിനത്തില്‍ ഇതുവരെ വിരാട് കോലി നേടിയത് 48 സെഞ്ചുറികള്‍. എതിരാളികളുടെ മൈതാനത്തും റണ്‍സ് പിന്തുടരുമ്പോഴും തുടങ്ങി ഏത് സമ്മര്‍ദ്ധഘട്ടവും അനുകൂലമാക്കുന്ന കോലിക്ക് പക്ഷേ സ്വന്തം പിറന്നാള്‍ ദിനത്തില്‍ ഒരു സെഞ്ചുറിയില്ല. പിറന്നാള്‍ ദിനം സെഞ്ചുറിയോടെ ആഘോഷിച്ച ആറ് താരങ്ങള്‍ മാത്രമേ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലുള്ളൂ. ഇന്ത്യന്‍ മുന്‍ താരം വിനോദ് കാംബ്ലിയാണ് ആദ്യമായി പിറന്നാളിന് നൂറിലെത്തിയത്. 1993 ഇരുപത്തിയൊന്നാം പിറന്നാള്‍ ദിനത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു കാംബ്ലിയുടെ നേട്ടം.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാര്‍ജയിലെ മണല്‍ക്കാറ്റായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഓസ്‌ട്രേലിയക്കെതിരെ കൊക്കക്കോള കപ്പില്‍ നേടിയ സെഞ്ചുറി ഇതിഹാസത്തിന്റെ ഇരുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍. സച്ചിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്ന്. പ്രായം തളര്‍ത്താത്ത പോരാളിയായി ശ്രീലങ്കന്‍ താരം സനത് ജയസൂര്യ 39ആം പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി നേടി പട്ടികയില്‍ ഇടംപിടിച്ചു. ന്യുസിലന്‍ഡ് താരങ്ങളായ റോസ് ടെയ്‌ലറും ടോം ലേഥവും പിറന്നാള്‍ ദിനത്തിലെ സെഞ്ചുറിക്കാരാണ്.
ഏറ്റവുമൊടുവില്‍ പട്ടികയിലെത്തിയത് ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ്. പാകിസ്ഥാനെതിരെയായിരുന്നു മാര്‍ഷിന്റെ തകര്‍പ്പന്‍ സെഞ്ചുറി. ഏകദിന ക്രിക്കറ്റില്‍ ഇതുവരെ പിറന്നാള്‍ ദിനത്തില്‍ ബാറ്റ് ചെയ്യാത്ത കോലി ഈഡനില്‍ സെഞ്ചുറിയിലെത്തിയാല്‍ പിറന്നാള്‍ മധുരത്തിനൊപ്പം ഏറ്റവുമധികം ഏകദിന സെഞ്ചുറിയെന്ന സച്ചിന്റെ റെക്കോര്‍ഡിനും ഒപ്പമെത്താം.