ദുബായ്: ഐസിസി ടി20 റാങ്കിങ്ങില്‍ വന്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍. ന്യൂസിലന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളുടെ ടി20യില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം താരത്തെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി. സഹ ഓപ്പണര്‍ രോഹിത് ശര്‍മ ആദ്യ പത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് രാഹുല്‍ രണ്ടാമതെത്തിയത്. 823 റേറ്റിങ് പോയിന്റാണ് രാഹുലിനുള്ളത്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ഒന്നാമത്. 879 പോയിന്റാണ് പാക് ഓപ്പണര്‍ക്കുള്ളത്. 

56 പോയിന്റുകള്‍ കൂടി നേടിയാല്‍ രാഹുലിന് ഒന്നാം സ്ഥാനത്തെത്താം. എന്നാല്‍ ജൂണില്‍ മാത്രമാണ് ഇന്ത്യക്ക് ഇനി ടി20 മത്സരങ്ങളുള്ളൂ. മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ആദ്യ പത്തിലുള്ളത്. രാഹുലിന് പുറമെ ക്യാപ്റ്റന്‍ വിരാട് കോലി (9), രോഹിത് ശര്‍മ (10) എന്നിവരും ആദ്യ പത്തിലുണ്ട്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ആദ്യ പത്തിലെത്തിയത്. 662 പോയിന്റാണ് രോഹിത്തിനുള്ളത്. കോലിയും രോഹിത്തും തമ്മില്‍ 18 പോയിന്റിന്റെ വ്യത്യാസമുണ്ട്. 673 പോയിന്റുണ്ട് കോലിക്ക്. ആരോണ്‍ ഫിഞ്ച്, കോളിന്‍ മണ്‍റോ, ഡേവിഡ് മലാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, എവിന്‍ ലൂയിസ്, ഹസ്രത്തുള്ള സസൈ എന്നിവരാണ് മൂന്ന് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളില്‍.

എന്നാല്‍ ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും ഇടം പിടിക്കാന്‍ കഴിഞ്ഞില്ല. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ നയിക്കുന്ന പട്ടികയില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്രയുടെ സ്ഥാനം പതിനൊന്നാമതാണ്. വാഷിംഗ്ടണ്‍ സുന്ദര്‍ 22ാം സ്ഥാനത്തുണ്ട്. ടീം റാങ്കിങ്ങില്‍ പാകിസ്ഥാനാണ് മുന്നില്‍. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാലാമതാണ് ഇന്ത്യ.