എന്നാല്‍ അതിന് ശേഷമുള്ള മത്സരങ്ങളില്‍ താരം നിരാശപ്പെടുത്തി. പേസുണ്ടെങ്കിലും നന്നായി റണ്‍സ് വഴങ്ങുന്നതാണ് പ്രധാന പ്രശ്‌നം. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഒന്നാകെ നൂറിനടുത്ത് റണ്‍സ് താരം വിട്ടുകൊടുത്തു.

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഉമ്രാന്‍ മാലിക്കിനെ (Umran Malik) ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കണമെന്ന് വാദിക്കുന്നുവരുണ്ട്. ജമ്മു ആന്‍ഡ് കശ്മീരില്‍ നിന്നുള്ള താരത്തിന്റെ പേസാണ് മിക്കവരേയും പ്രധാനമായി ആകര്‍ഷിച്ചത്. നിരന്തരം 150ല്‍ കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ താരത്തിന് സാധിക്കുന്നുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ (Gujarat Titans) അഞ്ച് വിക്കറ്റ് നേടിയപ്പോഴാണ് ഉമ്രാനെ ടീമിലെടുക്കണമെന്ന വാദം വന്നത്.

എന്നാല്‍ അതിന് ശേഷമുള്ള മത്സരങ്ങളില്‍ താരം നിരാശപ്പെടുത്തി. പേസുണ്ടെങ്കിലും നന്നായി റണ്‍സ് വഴങ്ങുന്നതാണ് പ്രധാന പ്രശ്‌നം. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഒന്നാകെ നൂറിനടുത്ത് റണ്‍സ് താരം വിട്ടുകൊടുത്തു. അതുകൊണ്ടുതന്നെ കഴിവ് തെളിയിക്കാന്‍ താരത്തിന് ഇനിയും സമയമെടുക്കേണ്ടി വരും. ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് ഷമിയും (Mohammed Shami) പറയുന്നത്. താരം ലൈനും ലെംഗ്തും ശ്രദ്ധിക്കണമെന്നാണ് ഷമിയുടെ ഉപദേശം.

ഷമിയുടെ വാക്കുകള്‍... ''വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ അതിവേഗത്തിനെ സ്നേഹിക്കുന്ന ഒരാളല്ല. 140 വേഗത്തില്‍ പന്തെറിഞ്ഞ് രണ്ട് വശത്തേക്കും പന്തിനെ ചലിപ്പിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഏത് ബാറ്റ്സ്മാനെതിരേയും അത് മതി. അവന് മികച്ച പേസുണ്ട്. എന്നാല്‍ കൃത്യമായ ലൈനും ലെംങ്തും കൈവരിക്കാന്‍ അല്‍പ്പം കൂടി സമയം വേണ്ടിവരും. കാരണം പേസ് ബൗളര്‍മാര്‍ കൃത്യത കൈവരിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.'' ഷമി വ്യക്തമാക്കി.

അതേസമയം ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പ്രധാന താരമായ ഷമി ഐപിഎല്ലില്‍ മികച്ച ഫോമിലാണ്. വിക്കറ്റ് വേട്ടക്കാരില്‍ അദ്ദേഹം എട്ടാമതാണ്. 12 മത്സരങ്ങളില്‍ 16 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ ഷമി സ്ഥാനം പിടിക്കാന്‍ സാധ്യതയേറെയാണ്. വേഗവും ബൗണ്‍സുമുള്ള പിച്ചുകളായതിനാല്‍ ഷമിയെ തഴയുക എളുപ്പമാവില്ല.