ദുബായ്: ഐസിസി ടി20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മൂന്നാം റാങ്കിലെത്തി. 816 റേറ്റിങ് പോയിന്റാണ് രാഹുലിനുള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. എട്ടാം സ്ഥാനത്തുള്ള കോലി ഒരു സ്ഥാനം മെച്ചപ്പെടുത്തി. 697 പോയിന്റാണ് കോലിക്ക്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും നേട്ടമുണ്ടാക്കി കൊടുത്തത്.

915 റേറ്റിങ് പോയിന്റുള്ള ഇംഗ്ലീഷ് താരം ഡേവിഡ് മലാനാണ് ഒന്നാം സ്ഥാനത്ത്. 871 പോയിന്റുളള പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം രണ്ടാമതുണ്ട്. രാഹുല്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് നാലാം സ്ഥാനത്തേക്കിറങ്ങി. റാസ്സി വാന്‍ ഡെര്‍ ഡസ്സന്‍ (5), കോളിന്‍ മണ്‍റോ (6), ഗ്ലെന്‍ മാക്‌സ്‌വെല്‍ (7) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അഫ്ഗാന്‍ താരം ഹസ്രത്തുള്ള സസൈ ഒമ്പതാം സ്ഥാനത്തും ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ പത്താം സ്ഥാനത്തുമാണ്.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒരു ഇന്ത്യന്‍ താരത്തിനും ആദ്യ പത്തില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. അഫ്ഗാന്‍ സ്പിന്നര്‍മാരായ റാഷിദ് ഖാന്‍, മുജീബ് റഹ്മാന്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ആദില്‍ റഷീദ് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ആഡം സാംപ രണ്ട് സ്ഥാനങ്ങള്‍ കയറി നാലാമതെത്തി. മറ്റൊരു ഓസീസ് താരം അഷ്ടര്‍ അഗറിന് മൂന്ന് സ്ഥാനങ്ങള്‍ നഷ്ടമായി. ആറാം സ്ഥാനത്താണ് അദ്ദേഹം. ദക്ഷിണാഫ്രിക്കയുടെ ടബ്രൈസ് ഷംസിയാണ് അഞ്ചാമത്. 

മിച്ചല്‍ സ്റ്റാര്‍ക്ക് (7), ഇമാദ് വസിം (8), ഷെല്‍ഡണ്‍ കോട്ട്രല്‍ (9), ക്രിസ് ജോര്‍ദാന്‍ (10) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇന്ത്യയുടെ പുത്തന്‍ താരം വാഷിംഗ്ടണ്‍ സുന്ദര്‍ 11 റാങ്കിലുണ്ട്. ഓസീസിനെതിരെ കളിക്കാതിരുന്ന ജസ്പ്രീത് ബുമ്ര 17ാം സ്ഥാനത്താണ്.