2012ലാണ് കോലി അവസാനമായി രഞ്ജി കളിക്കുന്നത്. അന്ന് ദില്ലിയില്‍ നടന്ന മത്സരത്തില്‍ ഉത്തര്‍ പ്രദേശിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ നാല് റണ്‍സിന് പുറത്തായ കോലി രണ്ടാം ഇന്നിംഗ്‌സില്‍ 43 റണ്‍സ് നേടി. 

ദില്ലി: 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കാന്‍ ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി. ഈ മാസം 30ന് റെയില്‍വേസിനെതിരായ മത്സരത്തില്‍ കളിക്കാമെന്ന് കോലി അറിയിച്ചതായി ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഗ്രൂപ്പില്‍ ഡല്‍ഹിയുടെ അവസാന മത്സരമാണിത്. 2012ലാണ് കോലി അവസാനമായി രഞ്ജി കളിക്കുന്നത്. അന്ന് ദില്ലിയില്‍ നടന്ന മത്സരത്തില്‍ ഉത്തര്‍ പ്രദേശിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ നാല് റണ്‍സിന് പുറത്തായ കോലി രണ്ടാം ഇന്നിംഗ്‌സില്‍ 43 റണ്‍സ് നേടി. 

അന്ന് വിരേന്ദര്‍ സെവാഗായിരുന്നു ഡല്‍ഹിയുടെ ക്യാപ്റ്റന്‍. ഗൗതം ഗംഭീര്‍, ഉന്‍മുക്ത് ചന്ദ്, ഇശാന്ത് ശര്‍മ, ആശിഷ് നെഹ്‌റ എന്നിവരും കോലിക്കൊപ്പം ടീമിലുണ്ടായിരുന്നു. കഴുത്ത് വേദനയെ തുടര്‍ന്ന് 23ന് സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ നിന്ന് കോലി പിന്മാറിയിരുന്നു. ഈ മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി റിഷഭ് പന്ത് കളിക്കും. നിലവില്‍ ആയുഷ് ബദോനിയാണ ഡല്‍ഹിയുടെ ക്യാപ്റ്റന്‍. ഗ്രൂപ്പ് ഡിയില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഡല്‍ഹി. അഞ്ച് മത്സരങ്ങളില്‍ നിന്ന് 14 പോയിന്റാണ് ഡല്‍ഹിക്ക്.

മധ്യപ്രദേശിനെതിരെ കേരള രഞ്ജി ട്രോഫി ടീമിനെ സച്ചിന്‍ ബേബി നയിക്കും! സഞ്ജു കൊല്‍ക്കത്തയില്‍, ടീമിലില്ല

നേരത്തെ, രോഹിത് ശര്‍മയും മുംബൈക്ക് വേണ്ടി രഞ്ജി കളിക്കാമെന്നേറ്റിരുന്നു. 23ന് ജമ്മു കശ്മീരിനെതിരായ മത്സരത്തിലാണ് മുംബൈക്ക് വേണ്ടി രോഹിത് കളിക്കുക. ഓപ്പണര്‍ യശസ്വി ജയ്സ്വാളും ഇടം പിടിച്ചു. അജിന്‍ക്യ രഹാനെ നയിക്കുന്ന ടീമില്‍ ശ്രേയസ് അയ്യര്‍, ശിവം ദുബെ, തനുഷ് കൊട്ടിയന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരുമുണ്ട്. ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ മുംബൈ. അഞ്ച് മത്സരങ്ങളില്‍ നിന്ന് 22 പോയിന്റാണ് ടീമിനുള്ളത്. അടുത്ത റൗണ്ട് കളിക്കണമെങ്കില്‍ വരുന്ന രണ്ട് മത്സരങ്ങളും മുംബൈക്ക് ജയിച്ചേ മതിയാവൂ. ജമ്മു 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 27 പോയിന്റുള്ള ബറോഡയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

ഓസ്ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചത്. മുംബൈയുടെ പരിശീലന ക്യാംപിലെത്തി രോഹിത് ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നെങ്കിലും ടീമില്‍ കളിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. പിന്നീട് കളിക്കാമെന്നേല്‍ക്കുകയായിരുന്നു രോഹിത്. കോലി, രോഹിത്, ജയ്‌സ്വാള്‍ എന്നിവര്‍ക്ക് പുറമെ റിഷഭ് പന്ത്, മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരും രഞ്ജി കളിക്കാന്‍ ഒരുങ്ങുകയാണ്.