ജൂണ്‍ ഏഴിനാരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുമ്പ് ബുമ്രക്ക് പരമാവധി മത്സരപരിചയം ഉറപ്പിക്കുകയാണ് ലക്ഷ്യം

മുംബൈ: ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് കരിയറിലെ മറ്റൊരു നിര്‍ണായക പരമ്പര കൂടി നഷ്‌ടമായിരിക്കുകയാണ്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബുമ്ര കളിക്കുന്നില്ല. നടുവിനേറ്റ പരിക്കില്‍ നിന്ന് താരം ഇതുവരെ മോചിതനായിട്ടില്ല. എന്നാല്‍ വരുന്ന ഐപിഎല്‍ സീസണില്‍ ജസ്‌പ്രീത് ബുമ്ര മുംബൈ ഇന്ത്യന്‍സിനായി കളിക്കും എന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ ഒന്നിനാണ് ഐപിഎല്‍ ആരംഭിക്കുക എന്നാണ് നിലവിലെ സൂചന. ജൂണ്‍ ഏഴിനാരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുമ്പ് ബുമ്രക്ക് പരമാവധി മത്സരപരിചയം ഉറപ്പിക്കുകയാണ് ലക്ഷ്യം. 

'നിര്‍ഭാഗ്യവശാല്‍ ഓസീസിനെതിരായ പരമ്പര ജസ്‌പ്രീത് ബുമ്രക്ക് നഷ്‌ടമായി. അദേഹം രോഗമുക്തി കൈവരിച്ച് വരികയാണ്. എന്നാല്‍ പൂര്‍ണമായി ആരോഗ്യം ഭേദമായിട്ടില്ല. വളരെ വേഗം ബുമ്രയെ മൈതാനത്ത് എത്തിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയേയുള്ളൂ. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് ഐപിഎല്‍ ടീമിനൊപ്പം ബുമ്ര മുംബൈ ഇന്ത്യന്‍സ് മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ ചേരുന്നതാണ് ഉചിതം. ദേശീയ ക്രിക്കറ്റ് അക്കാഡമി എല്ലാ ഫ്രാഞ്ചൈസികളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ബുമ്രക്കായി പ്രത്യേക വര്‍ക്ക് ലോഡ് പ്ലാന്‍ തയ്യാറാക്കിയിട്ടില്ല. മുംബൈ ഇന്ത്യന്‍സിന് മാത്രമല്ല, ഇന്ത്യന്‍ ടീമിലും പ്രധാനപ്പെട്ട താരമാണ് ബുമ്ര. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ബുമ്ര പൂര്‍ണ ഫിറ്റ്‌സിലെത്തും എന്നാണ് കരുതുന്നത്' എന്നും ബിസിസിഐ വൃത്തങ്ങള്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞു. 

2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ജസ്‌പ്രീത് ബുമ്ര നടുവേദനയുള്ളതായി പറയുന്നത്. 2019ല്‍ സംഭവിച്ച പരിക്കിന്‍റെ തുടര്‍ച്ചയായിരുന്നു ഇത് എന്ന് പരിശോധനയില്‍ വ്യക്തമായി. 2022 ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നെങ്കിലും പരിക്ക് തിരിച്ചടിയായി. ഇതോടെ താരം എന്‍സിഎയില്‍ മടങ്ങിയെത്തി. പരിക്ക് ഭേദമാക്കാത്തതിനാല്‍ ഏഷ്യാ കപ്പും ട്വന്‍റി 20 ലോകകപ്പും താരത്തിന് നഷ്‌ടമായി. ഇതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടി20കളില്‍ ആറ് ഓവര്‍ മാത്രമെറിഞ്ഞു. ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പര്യടനങ്ങള്‍ നഷ്‌ടമായ താരത്തെ ലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പെട്ടെന്ന് ഒഴിവാക്കി. ഇതിന് ശേഷം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയും ബുമ്രക്ക് നഷ്‌ടമാവുകയായിരുന്നു. 

പ്രണയദിനത്തില്‍ 'ഭാര്യ'ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വി ഷാ, ആഘോഷമാക്കി ട്രോളന്‍മാര്‍