ഐപിഎല്ലില്‍ തിളങ്ങിയ സായ് സുദര്‍ശന്‍, ധ്രുവ് ജൂറെല്‍ എന്നിവര്‍ക്കൊപ്പം റിയാന്‍ പരാഗിനുപോലും എ ടീമില്‍ അവസരം നല്‍കിയപ്പോള്‍ സെലക്ടര്‍മാര്‍ റിങ്കുവിനെ പരിണിച്ചിരുന്നില്ല
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ നിരാശരാക്കിയത് യുവതാരം റിങ്കു സിംഗിനെ തഴഞ്ഞ സെലക്ടര്‍മാരുടെ തീരുമാനം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി മിന്നും പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യയുടെ ഭാവി ഫിനിഷറെന്ന് മുന്‍ താരങ്ങളും സഹതാരങ്ങളുമെല്ലാം വാഴ്ത്തിയിട്ടും വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലേക്കോ എമേര്‍ജിംഗ് ടീംസ് ഏഷ്യാ കപ്പിനുള്ല ഇന്ത്യ എ ടീമിലേക്കോ റിങ്കുവിനെ പരിഗണിക്കാത്തത് ആരാധകരെ ഞെട്ടിച്ചു.
ഐപിഎല്ലില്‍ തിളങ്ങിയ സായ് സുദര്‍ശന്‍, ധ്രുവ് ജൂറെല്‍ എന്നിവര്‍ക്കൊപ്പം റിയാന്‍ പരാഗിനുപോലും എ ടീമില്‍ അവസരം നല്‍കിയപ്പോള്‍ സെലക്ടര്‍മാര്‍ റിങ്കുവിനെ പരിണിച്ചിരുന്നില്ല. ഇതോടെ റിങ്കും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടുമെന്ന് ആരാധകരും പ്രതീക്ഷിച്ചു. എന്നാല്‍ ടി20 ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ച റിങ്കുവും ജിതേഷ് ശര്‍മയും പുറത്തായി. അപ്രതീക്ഷിതമായി മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ ഇടം നേടിയത് മലയാളികളെ സന്തോഷിപ്പിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സിനായി തിളങ്ങിയ തിലക് വര്‍മയും ടി20 ടീമിലെത്തി.
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഇത്രയേറെ മികച്ച പ്രകടനം നടത്തിയിട്ടും റിങ്കുവിനെ എന്തുകൊണ്ട് ടി20 ടീമിലേക്ക് പിഗണിച്ചില്ല എന്നതാണ് ആരാധകരുടെ ചോദ്യം. റിങ്കു പാവപ്പെട്ട പശ്ചാത്തലത്തില്‍ നിന്ന് വരുന്ന താരമായതുകൊണ്ടാണോ ഈ അവഗണനയെന്നാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചോദിക്കുന്നത്. സര്‍ഫ്രാസ് ഖാനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെതിരെ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് റിങ്കുവിനെ തഴഞ്ഞതിനെതിരെയും ആരാധകര്‍ രംഗത്തുവന്നത്.
കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി ഫിനിഷറുടെ റോള്‍ ഏറ്റെടുത്ത ഇരുപത്തിയഞ്ചുകാരനായ താരം 149.53 ശരാശരിയില്‍ 474 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ യാഷ് ദയാലിനെ തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ക്ക് പറത്തി റിങ്കു അവിശ്വസനീയ വിജയം സമ്മാനിച്ചിരുന്നു.
ടി20 ടീമില്‍ ഇനി ഇടമില്ല, കോലിക്കും രോഹിത്തിനും വ്യക്തമായ സന്ദേശം നല്‍കി അഗാര്‍ക്കര്‍
വെസ്റ്റ് ഇന്‍ഡീസിനെതിരാ പരമ്പരക്ക് ശേഷം നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തില്‍ റിങ്കു സിംഗിന് അവസരം നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. ഏഷ്യാ കപ്പിന് മുന്നോടിയായി ഹാര്‍ദ്ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചാല്‍ സഞ്ജു സാംസണ്‍ അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചേക്കുമെന്നും ഇതിന് മുന്നോടിയായാണ് ടി20 ടീമില്‍ വീണ്ടും ഇടം നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
