ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി പകരം നല്‍കുന്ന പന്ത് എത്ര ഓവര്‍ പഴകിയതാണെന്ന് ടീമുകളോട് വ്യക്തമാക്കാന്‍ ഐസിസി ഇടപെടണമെന്നും ഇന്ത്യൻ ടീം ആവശ്യപ്പെട്ടിട്ടുണ്ട്.

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ പന്ത് മാറ്റല്‍ വിവാദത്തില്‍ അമ്പയര്‍മാര്‍ക്കെതിരെ പരാതിയുമായി ഇന്ത്യൻ ടീം. ലോര്‍ഡ്സ് ടെസ്റ്റില്‍ 22 റണ്‍സിനാണ് ഇന്ത്യ തോറ്റത്. മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ രണ്ടാം ന്യൂബോള്‍ എടുത്ത് 10 ഓവര്‍ കഴിഞ്ഞതിന് പിന്നാലെ രണ്ടാം ദിനം ഇംഗ്ലണ്ട് 271-7 എന്ന നിലയില്‍ തകര്‍ന്നെങ്കിലും പന്തിന്‍റെ ഷേപ്പ് മാറിയതിനാല്‍ വീണ്ടും പന്ത് മാറ്റേണ്ടിവന്നു. എന്നാല്‍ 10 ഓവര്‍ മാത്രം എറിഞ്ഞു പഴകിയ പന്തിന് പകരം ഇന്ത്യക്ക് അമ്പയര്‍മാര്‍ നല്‍കിയത് 30-35 ഓവര്‍ പഴകിയ പന്തായിരുന്നുവെന്നാണ് ഇന്ത്യൻ ടീമിന്‍റെ പരാതി.

ന്യൂബോളിന് പകരം പഴകിയ പന്ത് നല്‍കിയതതോടെ ഇംഗ്ലണ്ട് വാലറ്റത്തിന് ബാറ്റിംഗ് അനായസാമായി. ഇതോടെ 271-7 എന്ന സ്കോറില്‍ പതറിയ ഇംഗ്ലണ്ട് ബ്രെയ്ഡന്‍ കാര്‍സിന്‍റെയും ജാമി സ്മിത്തിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 355ല്‍ എത്തുകയും ചെയ്തു. മത്സരത്തില്‍ 22 റണ്‍സിനായിരുന്നു ഇന്ത്യ തോറ്റത്. കളിയുടെ നിര്‍ണായക സമയത്ത് 10 ഓവര്‍ പഴകിയ പന്തിന് പകരം 30-35 ഓവര്‍ പഴകിയ പന്ത് നല്‍കിയതാണ് മത്സരഫലത്തില്‍ നിര്‍ണായകമായതെന്നാണ് ഇന്ത്യൻ ടീം മാച്ച് റഫറിയോട് പരാതി ഉന്നയിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ പന്തിന് പകരം ഒരുപാട് പഴകിയ പന്ത് നല്‍കിയതോടെ ബൗളര്‍മാര്‍ക്ക് ലഭിച്ച സ്വിംഗ് നഷ്ടമായി. ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി പകരം നല്‍കുന്ന പന്ത് എത്ര ഓവര്‍ പഴകിയതാണെന്ന് ടീമുകളോട് വ്യക്തമാക്കാന്‍ ഐസിസി ഇടപെടണമെന്നും ഇന്ത്യൻ ടീം ആവശ്യപ്പെട്ടിട്ടുണ്ട്. ലോര്‍ഡ്സില്‍ 10 ഓവര്‍ മാത്രം എറിഞ്ഞു പഴകിയ പന്തിന് പകരം 30 ഓവര്‍ എറിഞ്ഞു പഴകിയ പന്താണ് നല്‍കാന്‍ പോകുന്നത് എന്നറിഞ്ഞിരുന്നുവെങ്കില്‍ ഇന്ത്യ അതുവരെ ഉപയോഗിച്ച പന്തുപയോഗിച്ച് തന്നെ എറിയുമായിരുന്നുവെന്നും അതുകൊണ്ട് തന്നെ നിയമം മാറ്റണമെന്നും ഇന്ത്യ ഐസിസിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതുപോലെ മത്സരത്തിനായി പന്ത് തെരഞ്ഞെടുക്കുമ്പോള്‍ ഇംഗ്ലണ്ടിന് കൂടുതല്‍ സ്വിംഗ് ലഭിക്കുന്ന കടും ചുവപ്പ് നിറമുള്ള പന്തുകളാണ് നല്‍കിയിരുന്നത്. പുതിയ പന്തുമായി ഫോര്‍ത്ത് അമ്പയര്‍ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെത്തുമ്പോള്‍ ഞങ്ങള്‍ കടും ചുവപ്പ് നിറമുള്ള പന്ത് തെരഞ്ഞെടുത്താല്‍ അത് ഇംഗ്ലണ്ടിന്‍റെ രണ്ടാം ന്യൂബോളായി തെരഞ്ഞെടുത്തതാണെന്നും നല്‍കാനാവില്ലെന്നും ഫോര്‍ത്ത് അമ്പയര്‍ പറയുമായിരുന്നു. ഇത്തരത്തില്‍ പന്തുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ പോലും അമ്പയര്‍മാര്‍ ഇംഗ്ലണ്ടിന് അധിക ആനുകൂല്യം നല്‍കുകയായിരുന്നുവെന്നും ഇന്ത്യൻ ടീം വൃത്തങ്ങള്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക