സായ് സുദര്‍ശന് പകരം ആദ്യ മൂന്ന് ടെസ്റ്റുകളിലും കളിച്ച കരുണ്‍ നായര്‍ അവസാന ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തും.

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. നാലാം ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ കളിച്ച സായ് സുദര്‍ശന്‍ ഇന്ന് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സായ് സുദര്‍ശന്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റിന്‍റെ ആദ് ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ഗോള്‍ഡന്‍ ഡക്കായി.

സായ് സുദര്‍ശന് പകരം ആദ്യ മൂന്ന് ടെസ്റ്റുകളിലും കളിച്ച കരുണ്‍ നായര്‍ അവസാന ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തും. കരുണിന് ടെസ്റ്റ് കരിയര്‍ നീട്ടിയെടുക്കാന്‍ കിട്ടുന്ന അവസാന അവസരമായിരിക്കും ഇത്. പേസര്‍ അന്‍ഷുല്‍ കാംബോജിന് പകരം പ്രസിദ്ധ് കൃഷ്ണയാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുകയെന്നും ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ന് കളിക്കില്ലെന്നും പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ അര്‍ഷ്ദീപ് സിംഗ് അരങ്ങേറ്റത്തിനായി വീണ്ടും കാത്തിരിക്കേണ്ടിവരും. റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെല്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കും.

ഓവലിലെ പച്ചപ്പുള്ള പിച്ച് കണ്ടതോടെ ജസ്പ്രീത് ബുമ്രയെ ഇന്ത്യ കളിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവും ഇന്ന് പ്ലേയിംഗ ഇലവനിലുണ്ടാകുമെന്നായിരുന്നു ആദ്യം ലഭിച്ച സൂചനകള്‍. എന്നാല്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ പറഞ്ഞത്, സ്പിന്നര്‍മാരായി സുന്ദറും ജഡേജയും ടീമിലുണ്ടെന്നും ഓവലിലെ സാഹചര്യം അനുസരിച്ചാകും അന്തിമ ഇലവനെ തീരുമാനിക്കുക എന്നുമാണ്. ഓവലില്‍ ഇന്നലെവരെ പച്ചപ്പുള്ള പിച്ചായതിനാല്‍ കുല്‍ദീപ് അവസാന ടെസ്റ്റിലും പുറത്തിരിക്കാനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക