Asianet News MalayalamAsianet News Malayalam

കോലിയും മടങ്ങി, തീക്കാറ്റായി മഹ്മൂദ്! ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ഹസന്‍ മഹ്മൂദ് പുറത്തേക്ക് ചലിപ്പിച്ച പന്തില്‍ രോഹിത് സ്ലിപ്പില്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു.

indian top order collapsed against bangladesh in chennai test
Author
First Published Sep 19, 2024, 10:29 AM IST | Last Updated Sep 19, 2024, 10:29 AM IST

ചെന്നൈ: ബംഗ്ലാദേശിനെരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. ചെന്നൈ ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (6), ശുഭ്മാന്‍ ഗില്‍ (0), വിരാട് കോലി (6) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സാണുള്ളത്. യശസ്വി ജയ്‌സ്വാള്‍ (17), റിഷഭ് പന്ത് (0) എന്നിവരാണ് ക്രീസില്‍. 

ആറാം ഓവറിലാണ് രോഹിത് മടങ്ങുന്നത്. ഹസന്‍ മഹ്മൂദ് പുറത്തേക്ക് ചലിപ്പിച്ച പന്തില്‍ രോഹിത് സ്ലിപ്പില്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെയെത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും നിലയുറപ്പിക്കാനായില്ല. തുടക്കം ബുദ്ധിമുട്ടിയ ഗില്‍ മഹ്മൂദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി. ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഗില്‍ ബാറ്റ് വെക്കുകയായിരുന്നു. കോലിയാവട്ടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വച്ച് ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി.

ചെപ്പോക്കില്‍ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്പിന്നര്‍മാരായി സീനിയര്‍ താരങ്ങളായ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരും ടീമിലെത്തി. റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. കെ എല്‍ രാഹുല്‍ ടീമിലിടം പിടിച്ചു. സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യഷ് ദയാല്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചില്ല.

ദ്രാവിഡിനെ പോലെയല്ല ഗംഭീര്‍! രണ്ട് പരിശീലകരേയും താരതമ്യം ചെയ്ത് രോഹിത് ശര്‍മ

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

ബംഗ്ലാദേശ്: ഷദ്മാന്‍ ഇസ്ലാം, സക്കീര്‍ ഹസന്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മോമിനുല്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, തസ്‌കിന്‍ അഹമ്മദ്, ഹസന്‍ മഹ്മൂദ്, നഹിദ് റാണ.

Latest Videos
Follow Us:
Download App:
  • android
  • ios