ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകള്‍ വീഴ്ത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടം ആർ അശ്വിൻ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സ്വന്തമാക്കിയിരുന്നു

സെഞ്ചൂറിയന്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും (Indian Tour of South Africa 2021-22 ) നാഴികക്കല്ലുകള്‍ എറിഞ്ഞിടാന്‍ ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍(Ravichandran Ashwin). ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ കപില്‍ ദേവിന്‍റെ(Kapil Dev) ടെസ്റ്റ് വിക്കറ്റ് നേട്ടം മറികടക്കാനുള്ള അവസരമാണ് അശ്വിന് മുന്നിലുള്ളത്.

കരിയറിലെ 81 ടെസ്റ്റില്‍ 427 വിക്കറ്റുള്ള അശ്വിന് എട്ട് പേരെക്കൂടി പുറത്താക്കിയാല്‍ കപില്‍ ദേവിനെ(434 വിക്കറ്റുകള്‍) മറികടന്ന് ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമനാകാം. ഫോമിലുള്ള അശ്വിന് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇതിന് കഴിയും എന്നാണ് പ്രതീക്ഷ. 13 വിക്കറ്റ് നേടിയാല്‍ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് വിസ്‌മയം ഡെയ്‌ല്‍ സ്റ്റെയ്‌നെയും(439 വിക്കറ്റുകള്‍) അശ്വിന് മറികടക്കാം. 

ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകള്‍ വീഴ്ത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടം ആർ അശ്വിൻ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സ്വന്തമാക്കിയിരുന്നു. 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റ് നേടിയ ഹർഭജൻ സിംഗിനെയാണ് 80-ാം ടെസ്റ്റില്‍ അശ്വിന്‍ മറികടന്നത്. 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെയും 434 വിക്കറ്റ് നേടിയ കപിൽ ദേവുമേ ഇനി അശ്വിന് മുന്നിലുള്ളൂ. വേഗത്തില്‍ 400 ടെസ്റ്റ് വിക്കറ്റുകള്‍ പേരിലാക്കുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടം അശ്വിന്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അശ്വിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. 

പര്യടനത്തിനായി ദക്ഷിണാഫ്രിക്കയില്‍ എത്തിയ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 26ന് ബോക്‌സിംഗ് ഡേയിലാണ് ആദ്യ ടെസ്റ്റിന് തുടക്കമാവുക. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നിന് ജൊഹന്നസ്ബ‍ർഗിലും മൂന്നാം ടെസ്റ്റ് ജനുവരി പതിനൊന്നിന് കേപ് ടൗണിലും തുടങ്ങും. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. രോഹിത്തിന് പകരം ഇന്ത്യ എ നായകന്‍ പ്രിയങ്ക് പാഞ്ചലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത്തിന്‍റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ് 

വിരാട് കോലി(ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുമ്ര, ഷര്‍ദ്ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.

SA vs IND : ഒരാളെ പേടിച്ചാല്‍പ്പോരാ, എല്ലാവരും കിടിലം, എങ്കിലും ഒരു ഇന്ത്യന്‍ താരം ലോകോത്തരം: ഡീന്‍ എള്‍ഗാര്‍