മുംബൈ: ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ ഇശാന്ത് ശര്‍മയ്ക്ക് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പര പൂര്‍ണമായും നഷ്ടമാവും. ബിസിസിഐ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താരം വാരിയെല്ലിനേറ്റ പരിക്കില്‍ നിന്നും പൂര്‍ണ മോചിതനായിരുന്നു. എന്നാല്‍ പരമ്പര കളിക്കാന്‍ വേണ്ട ഫിറ്റ്‌നെസ് താരത്തിനെല്ലന്നാണ് പുറത്തുവരുന്ന വിവരം. ഐപിഎല്ലിന് ശേഷം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. പകരം താരത്തെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കണ്ടുപിടുത്തമായ ടി നടരാജനെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടീമിലും ഉള്‍പ്പെടുത്തി. പരമ്പര ആരംഭിക്കാന്‍ മണിക്കൂറൂകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു തീരുമാനം. നവ്ദീപ് സൈനിക്ക് ബാക്ക് അപ്പായിട്ടാണ് താരത്തിന് ടീമില്‍ ഇടം നല്‍കിയത്. പുറം വേദന അനുഭവപ്പെടുന്നതിനാല്‍ സൈനി കളിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ല.

നേരത്തെ കമലേഷ് നാഗര്‍കോട്ടി, കാര്‍ത്തിക് ത്യാഗി, ഇഷാന്‍ പോറല്‍ എന്നിവര്‍ക്കൊപ്പം നെറ്റ് ബൗളര്‍ മാത്രമായിട്ടാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ തോളിന് പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിക്ക് പകരമായി അദ്ദേഹം ടി20 ടീമിലെത്തി.

ഇന്ത്യ ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, ഷാര്‍ദുള്‍ താക്കൂര്‍, ടി നടരാജന്‍.