Asianet News MalayalamAsianet News Malayalam

ഇഷാന്‍ കിഷന്‍ തിരിച്ചെത്തുമോ? ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ നിര്‍ണായക നീക്കം

ഇംഗ്ലണ്ടിനെതിരെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ കിഷന്‍ പരിശീലനം ആരംഭിച്ചത് ശുഭസൂചനയാണ് നല്‍കുന്നത്.

indian wicket keeper ishan kishan started training after long gap
Author
First Published Feb 8, 2024, 4:41 PM IST

മുംബൈ: ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ പരിശീലനം പുനരാരംഭിച്ചു. ബറോഡയിലെ കിരണ്‍ മോറെ അക്കാഡമിയില്‍ ഹാര്‍ദിക് പണ്ഡ്യ, ക്രുനാല്‍ പണ്ഡ്യ എന്നിവര്‍ക്കൊപ്പമാണ് ഇഷാന്‍ പരിശീലനം നടത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വിശ്രമം ആവശ്യപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ഇഷാന്‍ കിഷന്‍ പിന്നീട് ക്രിക്കറ്റിലേക്ക് തിരികെ എത്തിയിരുന്നില്ല. മാനസിക സമ്മര്‍ദ്ദമെന്നാണ് കിഷന്‍ ബോധിപ്പിച്ചിരുന്നത്. ഇതിനിടെ ദുബായിലെ പാര്‍ട്ടിയില്‍ ഇഷാന്‍ പങ്കെടുത്തത് വിവാദമായിരുന്നു. 

കിഷനെ അടുത്ത ഒരു വര്‍ഷത്തേക്ക് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിപ്പിക്കില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പ്രമുഖ സ്പോര്‍ട്സ് റിപ്പോര്‍ട്ടറായ അഭിഷേക് ത്രിപാഠിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും കിഷനെ ബഞ്ചിലിരുത്തുകയായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് കിഷന്‍ പിന്‍വാങ്ങുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചാലേ കിഷനെ ഇനി ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ളൂവെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ദ്രാവിഡ് തള്ളി.

13 ഫിഫ ലോകകപ്പുകളുടെ ഭാഗം, ഒടുവില്‍ ഖത്തറിലും! അര്‍ജന്റീനയ്ക്ക് വേണ്ടി പെരുമ്പറ മുഴക്കാന്‍ എല്‍-ട്യുല ഇനിയില്ല

കഴിഞ്ഞ ദിവസം കിഷന്റെ തിരിച്ചുവരവിനെ കുറിച്ച് കോച്ച് രാഹുല്‍ ദ്രാവിഡ് സംസാരിച്ചിരുന്നു. ദ്രാവിഡിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ''ഞങ്ങള്‍ ആരെയും ഒന്നില്‍ നിന്നും ഒഴിവാക്കുന്നില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. അദ്ദേഹം ഒരു ഇടവേള ആവശ്യപ്പെട്ടു. ഒരു ഇടവേള നല്‍കിയതില്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. വീണ്ടും ഇഷാന്‍ കിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മനസിലാവുന്ന രീതിയിയില്‍ നേരത്തെ ഇക്കാര്യം പറഞ്ഞതാണ്. അവന്‍ സ്ഥിരമായി ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അവന്‍ എപ്പോഴാണ് തയ്യാറാവുന്നത്, അപ്പോള്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ കളിച്ചിട്ട് വേണം തിരിച്ചെത്താന്‍. തീരുമാനം അവന്റെതാണ്. ഞങ്ങള്‍ അവനെ ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കുന്നില്ല.'' ദ്രാവിഡ് പറഞ്ഞു.

ഇതിലും വലുതെന്ത് വേണം? വന്നവഴി മറക്കാതെ ധോണി! ബാല്യകാല സുഹൃത്തിനെ തേടി ഇതിഹാസ നായകന്‍റെ സഹായം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് കിഷന്‍. ഇംഗ്ലണ്ടിനെതിരെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ കിഷന്‍ പരിശീലനം ആരംഭിച്ചത് ശുഭസൂചനയാണ് നല്‍കുന്നത്. ശേഷിക്കുന്ന മത്സരങ്ങളിലേക്ക് കിഷനെ തിരിച്ചുവിളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കെ എസ് ഭരതിന് ആദ്യ രണ്ട് ടെസ്റ്റിലും ഫോമിലാവാന്‍ കഴിഞ്ഞിരുന്നില്ല.

Latest Videos
Follow Us:
Download App:
  • android
  • ios