ബറോഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നും പ്രകടനം തുടരുന്ന ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ബെന്‍ സ്റ്റോക്സിനെ പോലൊരു ഓള്‍ റൗണ്ടര്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ലോകത്ത് ഒരു ടീമിനും ഇന്ത്യയെ തോല്‍പ്പിക്കാനാവില്ലെന്ന് പത്താന്‍ പറഞ്ഞു.

ബെന്‍ സ്റ്റോക്സിന്റെ മിന്നുന്ന പ്രകടനമാണ് മഴ മൂലം ഒറു ദിവസം പൂര്‍ണമായും നഷ്ടമായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിന് മേല്‍ ഇംഗ്ലണ്ടിന് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്സില്‍ 176 റണ്‍സടിച്ച് ടോപ് സ്കോററായ സ്റ്റോക്സ് രണ്ടാം ഇന്നിംഗ്സില്‍ 57 പന്തില്‍ പുറത്താകാതെ 78 റണ്‍സടിച്ചു. രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിന്റെ രണ്ട് നിര്‍ണായക വിക്കറ്റുകളും സ്റ്റോക്സ് സ്വന്തമാക്കിയിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മികച്ച പ്രകടനത്തോടെ ഐസിസി ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ സ്റ്റോക്സ് ബാറ്റിംഗ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസീസിന്റെ സ്റ്റീവ് സ്മിത്തും മാത്രമാണ് ബാറ്റിംഗ് റാങ്കിംഗില്‍ ഇനി സ്റ്റോക്സിന് മുന്നിലുള്ളത്.