സൂററ്റ്: വനിത ടി20യിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ജയം. സൂററ്റില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 130 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 19.5 ഓവറില്‍ 119ന് എല്ലാവരും പുറത്തായി. നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്.

59 റണ്‍സ് നേടിയ മിഗ്നോന്‍ ഡു പ്രീസാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. എട്ട് പേര്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല. നേരത്തെ, 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. ദീപിതിക്ക് പുറമെ പൂജ വസ്ത്രകറും മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിഖ പാണ്ഡെ, പൂനം യാദവ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. 

ഇന്ത്യന്‍ നിരയില്‍ കൗര്‍ ഒഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. സ്മൃതി മന്ഥാന (21), ജമീമ റോഡ്രിഗസ് (19), ദീപ്തി ശര്‍മ (16), വേദ കൃഷ്ണമൂര്‍ത്തി (10) എന്നിവര്‍ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്‌നിം ഇസ്‌മൈല്‍ മൂന്ന വിക്കറ്റെടുത്തു. അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശേഷം മൂന്ന് ഏകദിനങ്ങളും നടക്കും.