വനിതാ ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഇന്ത്യ. കൂറ്റൻ ലക്ഷ്യം തേടിയിറങ്ങിയ കിവികൾ 44 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിന് 277 റൺസെടുത്തപ്പോഴാണ് മത്സരം തടസ്സപ്പെട്ടത്.
നവി മുംബൈ: നിർണായകമായ മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ. മഴ തടസ്സപ്പെടുത്തിയ മത്സരിലാണ് ഡിആർഎസ് നിയമപ്രകാരം ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ 49 ഓവറിൽ മൂന്ന് വിക്കറ്റിന് 340 റൺസെടുത്തു. കൂറ്റൻ ലക്ഷ്യം തേടിയിറങ്ങിയ കിവികൾ 44 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിന് 277 റൺസെടുത്തപ്പോഴാണ് മത്സരം തടസ്സപ്പെട്ടത്. 81 റൺസെടുത്ത ബ്രൂക്ക് ഹാലിഡേയും 65 റൺസെടുത്ത ഇസി ഗേസും ന്യൂസിലാൻഡിന് വേണ്ടി തിളങ്ങി. രണ്ട് വിക്കറ്റ് വീതം നേടിയ രേണുക സിങ്ങും ക്രാന്തി ഗൗഡും ഇന്ത്യക്ക് വേണ്ടി തിളങ്ങി. മഴ തടസ്സപ്പെടുത്തിയതിനാൽ ന്യൂസിലൻഡിന്റെ ലക്ഷ്യം 44 ഓവറിൽ 325 റൺസായി പുനർനിർണ്ണയിച്ചിരുന്നു.
നേരത്തെ പ്രതിക റാവല്‍ (122), സ്മൃതി മന്ദാന (109), ജെമീമ റോഡ്രിഗസ് (76 നോട്ടൗട്ട്) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജമീമ റോഡ്രിഗസ് തിരിച്ചെത്തി. അമന്‍ജോത് കൗറാണ് വഴി മാറി കൊടുത്തത്.
അതിശയിപ്പിക്കുന്ന തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ മന്ദാന - റാവല്‍ സഖ്യം ചേര്‍ത്തത് 212 റണ്‍സ്. 34-ാം ഓവറില്‍ മാത്രമാണ് ന്യൂസിലന്‍ഡിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. മന്ദാനയെ സൂസി ബേറ്റ്‌സ് പുറത്താക്കുകയായിരുന്നു. 95 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 10 ഫോറും നേടി. തന്റെ 14-ാം സെഞ്ചുറിയാണ് മന്ദാന പൂര്‍ത്തിയാക്കിയത്. സെഞ്ചുറിയോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിതാ താരങ്ങളില്‍ ഒരാളാവാന്‍ മന്ദാനയ്ക്ക് സാധിച്ചു. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ടസ്മിന്‍ ബ്രിറ്റ്‌സിനൊപ്പമാണ് മന്ദാന ഇരുവരും ഈ വര്‍ഷം നേടിയത് അഞ്ച് സെഞ്ചുറികള്‍ വീതം. 2024ല്‍ മന്ദാന നാല് സെഞ്ചുറികള്‍ നേടിയിരുന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ താരങ്ങളില്‍ രണ്ടാമതെത്താനും മന്ദാനയ്ക്ക് സാധിച്ചു.
തുടര്‍ന്ന് ജമീമ ക്രീസിലേക്ക്. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന താരം തിരിച്ചുവരവില്‍ ഗംഭീര മറുപടി കൊടുത്തു. അപ്പുറത്ത് പ്രതിക സൂക്ഷമതയോടെ കളിച്ച് സെഞ്ചുറിയും പൂര്‍ത്തിയാക്കി. കരിയറിലെ രണ്ടാം സെഞ്ചുറിയാണിത്. ഏകദിനത്തില്‍ ആദ്യത്തേതും. 43-ാം ഓവറില്‍ പ്രതിക മടങ്ങുമ്പോള്‍ 134 പന്തുകള്‍ നേരിട്ടിരുന്നു. രണ്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതാണ് 24കാരിയുടെ ഇന്നിംഗ്‌സ്. ജമീമയ്‌ക്കൊപ്പം 76 റണ്‍സ് ചേര്‍ക്കാനും പ്രതികയ്ക്ക് സാധിച്ചു.
