Asianet News MalayalamAsianet News Malayalam

നാല് അര്‍ധ സെഞ്ചുറികള്‍ വീതം! ഇംഗ്ലണ്ട് വനിതകള്‍ക്കെതിരെ ഏക ടെസ്റ്റില്‍ ആദ്യദിനം തന്നെ 400 കടന്ന് ഇന്ത്യ

ഓപ്പണര്‍മാരായ സ്മൃതി മന്ദാന (17), ഷെഫാലി വര്‍മ (19) എന്നിവരെ ഇന്ത്യക്ക് നേരത്തെ നഷ്ടമായിരുന്നു. ഇരുവരും ബൗള്‍ഡാവുകയായിരുന്നു. ഇതോടെ ഇന്ത്യ രണ്ടിന് 47 എന്ന നിലയിലായി.

indian women heading into huge total against england in first test
Author
First Published Dec 14, 2023, 5:06 PM IST

നവി മുംബൈ:: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. നവി മുംബൈ, ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെടുത്തിട്ടുണ്ട്. 69 റണ്‍സ് നേടിയ ശുഭ സതീഷാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജെമീമ റോഡ്രിഗസ് (68), യഷ്ടിക ഭാട്ടിയ (66) എന്നിവരും തിളങ്ങി. ദീപ്തി ശര്‍മ (60), പൂജ വസ്ട്രകര്‍ (4) എന്നിവര്‍ ക്രീസിലുണ്ട്.

ഓപ്പണര്‍മാരായ സ്മൃതി മന്ദാന (17), ഷെഫാലി വര്‍മ (19) എന്നിവരെ ഇന്ത്യക്ക് നേരത്തെ നഷ്ടമായിരുന്നു. ഇരുവരും ബൗള്‍ഡാവുകയായിരുന്നു. ഇതോടെ ഇന്ത്യ രണ്ടിന് 47 എന്ന നിലയിലായി. എന്നാല്‍ ശുഭ - ജെമീമ സഖ്യം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 115 റണ്‍സ് കൂട്ടിചേര്‍ത്തു. ശുഭയെ പുറത്താക്കി സോഫി എക്ലെസ്റ്റോണ്‍ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (49) മികച്ച പ്രകടനം പുറത്തെടുത്തു. ഇതിനിടെ ജെമീമയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 

പിന്നീടെത്തിയത് വിക്കറ്റ് കീപ്പര്‍ യഷ്ടിക. വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ താരം ക്യാപ്റ്റനൊപ്പം 116 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹര്‍മന്‍പ്രീത് റണ്ണൗട്ടായി. താരത്തിന്റെ അശ്രദ്ധയാണ് താരത്തെ കുഴിയില്‍ ചാടിപ്പിച്ചത്. വൈകാതെ യഷ്ടികയും പുറത്തായി. 88 പന്തില്‍ ഒരു സിക്‌സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു യഷ്ടികയുടെ ഇന്നിംഗ്‌സ്. ദീപ്തി - സ്‌നേഹ് റാണ (30) സഖ്യം 92 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റാണയെ സ്‌കിവര്‍ ബ്രണ്ട് ബൗള്‍ഡാക്കി.  

ഇതിനിടെ ദീപ്തി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതാണ് ദീപ്തിയുടെ ഇന്നിംഗ്‌സ്. ഇംഗ്ലണ്ടിന് വേണ്ടി ലോറന്‍ ബെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. കെയ്റ്റ് ക്രോസ്, ചാര്‍ലോട്ട് ഡീന്‍, എക്ലെസ്‌റ്റോണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

ഇന്ത്യന്‍ ടീം: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ശുഭ സതീഷ്, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, യഷ്ടിക ഭാട്ടിയ, സ്‌നേഹ് റാണ, പൂജ വസ്ട്രകര്‍, രേണുക സിംഗ്, രാജേശ്വരി ഗെയ്ക്‌വാദ്.

ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍ മാത്രം! സെഞ്ചുറിയോടെ മിച്ചല്‍ ജോണ്‍സണിന്റെ മുഖത്തടിച്ച് വാര്‍ണര്‍

Latest Videos
Follow Us:
Download App:
  • android
  • ios