ഐപിഎല്ലിന്‍റെ ആദ്യപാതിയെന്ന് പറയുന്നെങ്കില്‍ പോലും മായങ്ക് എപ്പോള്‍ തിരിച്ചുവരുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല.
ദില്ലി: ഇന്ത്യയുടെ യുവ പേസര്‍ മായാങ്ക് യാദവിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യപാതി നഷ്ടമായേക്കും. പുറംവേദനയെ തുടര്‍ന്ന് അദ്ദേഹത്തിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടി ആദ്യപാദ മത്സരങ്ങളില്‍ കളിക്കാനാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചതിന് ശേഷമാണ് താരത്തിന് നടുവേദന അനുഭവപ്പെട്ടത്. പിന്നീട് മായങ്ക് ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ പരിശോധനയ്ക്ക് വിധേയനായി. അടുത്തിടെയാണ് ബൗളിംഗ് പുനരാരംഭിച്ചത്.
ഐപിഎല്ലിന്‍റെ ആദ്യപാതിയെന്ന് പറയുന്നെങ്കില്‍ പോലും മായങ്ക് എപ്പോള്‍ തിരിച്ചുവരുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. എന്നാല്‍ ഫിറ്റ്‌നസ് നിര്‍ദേശങ്ങള്‍ അതേപടി പാലിക്കുകയാണെങ്കില്‍ ഐപിഎല്ലിന്റെ രണ്ടാം പകുതിയില്‍ മായങ്ക് തിരിച്ചെത്തിയേക്കും. കഴിഞ്ഞ 12 മാസത്തിനിടെ നിരവധി തവണ താരത്തെ പരിക്കുകള്‍ വേട്ടയാടി. കഴിഞ്ഞ സീസണില്‍ സ്ഥിരമായി മണിക്കൂറില്‍ 155 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് മായങ്ക് ശ്രദ്ധിക്കപ്പെടുന്നത്. പരിക്കുമൂലം 2023 സീസണില്‍ കളിക്കാന്‍ കഴിയാതിരുന്ന മായങ്ക്, കഴിഞ്ഞ വര്‍ഷം പഞ്ചാബ് കിംഗ്സിനെതിരെ അരങ്ങേറ്റത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ അടുത്ത മത്സരത്തില്‍ വീണ്ടും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ നേടി. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് നാല് മത്സരങ്ങളില്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചത്. കഴിഞ്ഞ സീസണില്‍ ഭൂരിഭാഗവും ലഭ്യമല്ലാതിരുന്നിട്ടും, നവംബറില്‍ നടന്ന മെഗാ ലേലത്തിന് മുമ്പ് ലഖ്‌നൗ താരത്തില്‍ വിശ്വാസമര്‍പ്പിക്കുകയും 11 കോടിക്ക് നിലനിര്‍ത്തുകയും ചെയ്തു.

പൂര്‍ണ ഫിറ്റ്‌നസ് നേടിയ ശേഷവും ടീമിലെത്തണമെങ്കില്‍ താരം കഠിനാധ്വാം ചെയ്യേണ്ടി വരുമെന്ന് ലഖ്‌നൗവിന്റെ ക്രിക്കറ്റ് ഡയറക്ടറായി നിയമിതനായ സഹീര്‍ ഖാന്‍ പറഞ്ഞു. സഹീറിന്റെ വാക്കുകള്‍... ''അദ്ദേഹത്തെ ഐപിഎല്‍ കളിക്കാന്‍ ഞങ്ങള്‍ എത്രമാത്രം ആഗ്രഹിക്കുന്നുവോ അത്രയും തന്നെ ഞങ്ങള്‍ മായങ്കിനെ 150% ഫിറ്റ്‌നസ് ഉള്ളവനാക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ മായങ്കിനെ അവിടെ എത്തിക്കാന്‍ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും.'' സഹീര്‍ പറഞ്ഞു. ഈ മാസം 24ന് വിശാഖപട്ടണത്ത് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ലഖ്‌നൗവിന്റെ ആദ്യ മത്സരം.

