ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍ ആണ് പ്ലേയര്‍ ഓഫ് ദ് മാച്ചിനെ തെരഞ്ഞെടുക്കാനായി ടീമിന്‍റെ ഫിസിയോ ആയ യോഗേഷ് പാര്‍മറെ ക്ഷണിച്ചത്. കളിയിലെ ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്വന്തം ചേട്ടൻ എന്നായിരുന്നു യോഗേഷിന്‍റെ പ്രഖ്യാപനം.
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-ശ്രീലങ്ക അവസാന സൂപ്പർ ഫോർ പോരാട്ടത്തില്‍ സൂപ്പര്‍ ഓവറില്‍ കളി ജയിച്ചത് ഇന്ത്യയാണെങ്കിലും മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സെഞ്ചുറി നേടിയ ശ്രീലങ്കന്‍ ഓപ്പണര്‍ പാതും നിസങ്കയായിരുന്നു. 58 പന്തില്‍ 107 റണ്‍സെടുത്ത പാതും നിസങ്ക അവസാന ഓവറിലെ ആദ്യ പന്തില്‍ പുറത്തായതാണ് ശ്രീലങ്കയുടെ തോല്‍വിയില്‍ നിര്‍ണായകമായത്. സൂപ്പര്‍ ഓവറില്‍ പാതും നിസങ്ക ബാറ്റിംഗിനിറങ്ങിയതുമില്ല.
മത്സരത്തില്‍ 31 പന്തില്‍ 61 റണ്‍സുമായി ഇന്ത്യക്കായി ടോപ് സ്കോററായത് കഴിഞ്ഞ മത്സരങ്ങളിലേതുപോലെ അഭിഷേക് ശര്‍മയായിരുന്നു. എന്നാല്‍ മത്സരശേഷം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമില്‍ നല്‍കാറുള്ള ഇംപാക്ട് പ്ലേയര്‍ പുരസ്കാരം സ്വന്തമാക്കിയതാകട്ടെ മലയാളി താരം സഞ്ജു സാംസണായിരുന്നു. ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍ ആണ് പ്ലേയര്‍ ഓഫ് ദ് മാച്ചിനെ തെരഞ്ഞെടുക്കാനായി ടീമിന്‍റെ ഫിസിയോ ആയ യോഗേഷ് പാര്‍മറെ ക്ഷണിച്ചത്. കളിയിലെ ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്വന്തം ചേട്ടൻ എന്നായിരുന്നു യോഗേഷിന്‍റെ പ്രഖ്യാപനം. കൈയടികളോടെയാണ് താരങ്ങള്‍ സഞ്ജുവിനെ ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുത്തതിനെ വരവേറ്റത്. പുരസ്കാരം വലിയ നേട്ടമായി കാണുന്നുവെന്നും ടീമിന്‍റെ വിജയത്തിനായി സംഭാവന ചെയ്യാനായതില്‍ സന്തോഷമുണ്ടെന്നും മെഡല്‍ കഴുത്തിലണിഞ്ഞശേഷം സഞ്ജു പറഞ്ഞു.
അഞ്ചാം നമ്പറില്‍ തിളങ്ങി
മത്സരത്തില്‍ അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ സഞ്ജു വാനിന്ദു ഹസരങ്കക്കെതിരെ രണ്ട് സിക്സ് അടക്കം 23 പന്തില്‍ 39 റണ്‍സെടുത്ത് തിളങ്ങിയിരുന്നു. മൂന്ന് സിക്സും ഒരു ഫോറും പറത്തിയാണ് സഞ്ജു 39 റണ്‍സെടുത്തത്. അഭിഷേക് ശര്‍മ കഴിഞ്ഞാല്‍ ഇന്ത്യൻ ഇന്നിംഗ്സിലെ മികച്ച രണ്ടാമത്തെ സ്ട്രൈക്ക് റേറ്റും ഇന്നലെ സഞ്ജുവിനായിരുന്നു. 169.57 സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്‍റെ ബാറ്റിംഗ്.
ബാറ്റിംഗിന് പുറമെ കീപ്പിംഗിലും തിളങ്ങിയതിനാണ് സഞ്ജുവിനെ ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുത്തത്. 32 പന്തില്‍ 58 റണ്‍സെടുത്ത് ഇന്ത്യക്ക് ഭീഷണിയായ കുശാല്‍ പെരേരയെ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ സഞ്ജു മിന്നല്‍ സ്റ്റംപിഗിലൂടെ പുറത്താക്കി. പിന്നീട് സൂപ്പര്‍ ഓവറില്‍ അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ സഞ്ജുവിന്‍റെ ബ്രില്യൻസില്‍ ശ്രീലങ്കയുടെ ദാസുന്‍ ഷനക റണ്ണൗട്ടായെങ്കിലും അതിന് മുമ്പ് അര്‍ഷ്ദീപിന്‍റെ ക്യാച്ചിനായുള്ള അപ്പീല്‍ അമ്പയര്‍ ഔട്ട് വിധിച്ചതിനാല്‍ നഷ്ടമായി.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ സഞ്ജുവിനെ ബാറ്റിംഗിനിറക്കാതിരുന്നതിനെ തുടര്‍ന്ന് ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എട്ടാമനായായിരുന്നു സഞ്ജുവിനെ ബാറ്റിംഗ് ഓര്‍ഡറില്‍ ഇട്ടിരുന്നത്. ശിവം ദുബെക്കും അക്സര്‍ പട്ടേലിനും അവസരം നല്‍കിയിട്ടും സഞ്ജുവിനെ ബാറ്റിംഗിന് ഇറക്കിയിരുന്നില്ല. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ ഇംപാക്ട് പ്ലേയറായി സഞ്ജു വന്‍ തിരിച്ചുവരവ് നടത്തി.


