മുംബൈ: ഏകദിന ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീമാണ് ഇന്ത്യ. ഇന്ത്യ 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആ കരുത്ത് കടലാസില്‍ വ്യക്തമാണ്. എന്നാല്‍ ചില കോട്ടങ്ങളും ടീം പ്രഖ്യാപനത്തില്‍ നിന്ന് ചൂണ്ടിക്കാണിക്കാം. 

ലോകത്തെ ഏറ്റവും മികച്ച 'ടോപ് ത്രീ' ആണ് ഇന്ത്യയുടേത്. ഓപ്പണിംഗില്‍ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും. ഇടം- വലംകൈയന്‍ കോമ്പിനേഷന്‍ ഇന്ത്യക്ക് പ്രയേജനപ്പെടുത്താവുന്നതാണ്. മൂന്നാം നമ്പറില്‍ നിലവിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്‌മാനായ റണ്‍ മെഷീന്‍ വിരാട് കോലി എത്തുമ്പോള്‍ ആദ്യ മൂന്ന് ബാറ്റിംഗ് പൊസിഷനും ഇന്ത്യക്ക് സുരക്ഷിതം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മുന്‍ നായകനുമായ എം എസ് ധോണിയുടെ ചടുലനീക്കങ്ങളും പരിചയസമ്പത്തും ഇന്ത്യക്ക് മധ്യനിരയില്‍ തുണയാകും.

എക്കാലത്തെയും മികച്ച അതിശക്തമായ പേസ് നിരയാണ് നിലവില്‍ ഇന്ത്യയുടേത്. ജസ്‌പ്രീത് ബുംറ പേസ് ആക്രമണം നയിക്കുന്ന ടീമില്‍ മുഹമ്മദ് ഷമിയുടെ ലൈനും ലെങ്തും ഇന്ത്യക്ക് ഗണകരമാകും. ഭുവി കൂടി ചേരുമ്പോള്‍ ഇന്ത്യയുടെ പേസ് ആക്രമണം മിന്നല്‍വേഗമുള്ളതാണ്. ഇവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യയും വിജയ് ശങ്കറും ചേരുമ്പോള്‍ ടീം കൂടുതല്‍ കരുത്തുറ്റതാകുന്നു. നിലവിലെ ഏറ്റവും മികച്ച സ്‌പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ഇന്ത്യക്കുണ്ട്. കൂടാതെ പരിചയസമ്പന്നനായ രവീന്ദ്ര ജഡേജയുടെ സാന്നിധ്യവും.

എന്നാല്‍ മധ്യനിരയില്‍ ഇടംകൈന്‍ ബാറ്റ്സ്‌മാന്‍റെ അഭാവം ഇന്ത്യക്ക് പ്രകടം. ഇംഗ്ലണ്ടിലെ പേസിനെ തുണയ്ക്കുന്ന സാഹചര്യങ്ങളില്‍ എതിര്‍ ബാറ്റ്സ്‌മാരെ വിറപ്പിക്കാന്‍ ഇടംകൈയന്‍ പേസറുമില്ല. ഇതിനേക്കാളേറെ കുഴയ്‌ക്കുന്നത് മധ്യനിരയുടെ സ്ഥിരതയാണ്. എം എസ് ധോണി, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്ക് എന്നിവരുടെ സ്ഥിരത ഇന്ത്യക്ക് തലവേദനയായേക്കും. നിര്‍ണായകമായ നാലാം നമ്പറില്‍ ആര് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും സെലക്‌ടര്‍മാര്‍ നല്‍കേണ്ടതുണ്ട്.