മൂന്ന് വീതം ടെസ്റ്റും ഏകദിനവുമാണ് ഇന്ത്യ, ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. അതേസമയം ഇതിനോടൊപ്പം നടക്കേണ്ട നാല് മത്സരങ്ങളുടെ ടി20 പരമ്പര പിന്നീട് കളിക്കും. തിയ്യതിയും പിന്നീട് പ്രഖ്യാപിക്കും.

കൊല്‍ക്കത്ത: ഒമിക്രോണ്‍ ഭീഷണിയെ നീട്ടിവച്ച ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം (India's tour to South Africa) ഡിസംബര്‍ 26ന് ആരംഭിക്കും. മൂന്ന് വീതം ടെസ്റ്റും ഏകദിനവുമാണ് ഇന്ത്യ, ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. അതേസമയം ഇതിനോടൊപ്പം നടക്കേണ്ട നാല് മത്സരങ്ങളുടെ ടി20 പരമ്പര പിന്നീട് കളിക്കും. തിയ്യതിയും പിന്നീട് പ്രഖ്യാപിക്കും.

ബോക്‌സിംഗ് ഡേയിലാണ് ആദ്യ ടെസ്റ്റ് നടക്കുക. പരമ്പരാഗതമായി ബോക്‌സിംഗ് ഡേ ടെസ്റ്റിന് വേദിയാകുന്നത് ഡര്‍ബനാണ്. എന്നാല്‍ ഇത്തവണ വേദി സെഞ്ചൂറിയനിലേക്ക് മാറ്റിയേക്കും. സെഞ്ചൂറിയന് പുറമെ, വാന്‍ഡറേഴ്‌സ്, കേപ്ടൗണ്‍്, പാള്‍ എന്നിവിട ങ്ങളിലാണ് മത്സരം നടക്കുക. 

നേരത്തെ, ഒമിക്രോണ്‍ (Omicron) വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ പര്യടനം നീട്ടിവെക്കാന്‍ ഇന്ന് കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ (BCCI AGM) തീരുമാനിക്കുകയായിരുന്നു. മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാല് ടി20യുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പര ഡിസംബര്‍ 17 മുതല്‍ ജനുവരി 26 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. 

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഡിസംബര്‍ എട്ടിനോ ഒന്‍പതിനോ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പരമ്പര നീട്ടിയ സാഹചര്യത്തില്‍ യാത്ര വൈകിയേക്കും. മൂന്ന് ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ എ ടീമിനെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബിസിസിഐ ഇതുവരെ തിരിച്ചുവിളിച്ചിട്ടില്ല. നേരത്തെ, ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക നീട്ടിവച്ചിരുന്നു.

ഒമിക്രോണ്‍ ഭീഷണിക്കിടയിലും ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പര നടത്താനാകുമെന്ന പ്രതീക്ഷ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതലുകളും ദക്ഷിണാഫ്രിക്ക കൈക്കൊള്ളുമെന്ന് ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.