അപാര ടേണിന് പുറമെ അപ്രതീക്ഷിത ബൗണ്‍സും ഡിപ്പും കുണ്ടും കുഴികളും പൊടിപടലങ്ങളും ഇന്‍ഡോർ പിച്ചിനെ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു

ഇന്‍ഡോർ: ബോർഡർ-ഗാവസ്‍കർ ട്രോഫിയില്‍ മൂന്ന് ദിവസം പോലും തികയാതെ ടെസ്റ്റ് മത്സരം അവസാനിച്ച ഇന്‍ഡോറിലെ പിച്ചിന് മോശം മാർക്കിട്ട് ഐസിസി. മാച്ച് റഫറി ക്രിസ് ബ്രോഡാണ് ഇത് വിധിച്ചത്. ഐസിസി ഹോള്‍ക്കർ സ്റ്റേഡിയത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്‍റുകള്‍ വിധിച്ചു. സ്പിന്നർമാർ കളംവാണ ഇന്‍ഡോർ ടെസ്റ്റില്‍ ഓസീസ് മൂന്നാം ദിനത്തിലെ ആദ്യ സെഷന്‍ പൂർത്തിയാകും മുമ്പ് 9 വിക്കറ്റിന് വിജയിക്കുകയായിരുന്നു. അപാര ടേണിന് പുറമെ അപ്രതീക്ഷിത ബൗണ്‍സും ഡിപ്പും കുണ്ടും കുഴികളും പൊടിപടലങ്ങളും ഇന്‍ഡോർ പിച്ചിനെ വ്യാപക വിമർശനത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് ഐസിസി മാച്ച് റഫറിയുടെ വിലയിരുത്തല്‍. 

'ഹോള്‍ക്കർ പിച്ച് വളരെ വരണ്ടതായിരുന്നു. ബാറ്റിംഗും ബൗളിംഗും സന്തുലിതമാക്കിയില്ല. തുടക്കം മുതല്‍ സ്‍പിന്നർമാർക്ക് മുന്‍തൂക്കം കിട്ടി. മത്സരത്തിലുടനീളം പ്രവചനതീതമായ ബൗണ്‍സാണ് കണ്ടത്' എന്നും മാച്ച് റഫറി ക്രിസ് ബോർഡ് ഐസിസിക്ക് സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ ആവശ്യമെങ്കില്‍ ബിസിസിഐക്ക് 14 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം. അഞ്ച് വർഷത്തിനിടെ അഞ്ചോ അതിലധികമോ ഡീമെറിറ്റ് പോയിന്‍റ് ലഭിച്ചാല്‍ ഒരു വർഷത്തേക്ക് ആ മൈതാനത്ത് രാജ്യാന്തര മത്സരങ്ങള്‍ നടത്താന്‍ പാടില്ല എന്നാണ് ഐസിസിയുടെ ചട്ടം. പേസർമാർക്ക് തുടക്കത്തില്‍ ആനുകൂല്യം കിട്ടുമെന്നും നാഗ്‍പൂർ, ദില്ലി പിച്ചുകളെ അപേക്ഷിച്ച് ബാറ്റിംഗ് കൂടുതല്‍ സൗഹാർദമാകുമെന്നും മൂന്നാം ദിനം മുതല്‍ ടേണുണ്ടാകുമെന്നും പ്രവചിക്കപ്പെട്ട ഹോള്‍ക്കറിലെ പിച്ചില്‍ ആദ്യ ദിനം തുടക്കം മുതല്‍ സ്‍പിന്നർമാർക്ക് മേധാവിത്തം ലഭിക്കുകയായിരുന്നു. മാത്രമല്ല, അപ്രതീക്ഷ ടേണുകളും ബൗണ്‍സും പന്ത് ചിലപ്പോഴൊക്കെ കാല്‍മുട്ടിനും വളരെ താഴ്ന്നതും ഇരു ടീമിലേയും ബാറ്റർമാരെ കുടുക്കിലാക്കിയിരുന്നു. 

ബോർഡർ-ഗാവസ്‍കർ ട്രോഫിയില്‍ ഇതുവരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളും 3 ദിനങ്ങള്‍ക്കപ്പുറം നീണ്ടില്ല. ഇതിനെ ന്യായീകരിച്ച് ഇന്‍ഡോർ ടെസ്റ്റിന് ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മ രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസം നീളാറില്ലെന്നായിരുന്നു രോഹിത്തിന്‍റെ പ്രധാന വാദം. 'അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരങ്ങള്‍ ഉണ്ടാകണമെങ്കില്‍ കളിക്കാര്‍ മികച്ച പ്രകടനം പുറത്തെടുക്കണം. ഇന്നലെ സമാപിച്ച ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മൂന്ന് ദിവസത്തിലാണ് പൂർത്തിയായത്. പാക്കിസ്ഥാനില്‍ കഴിഞ്ഞ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസം നീണ്ടപ്പോള്‍ ആളുകള്‍ക്ക് രസംകൊല്ലിയായിരുന്നു. ഇവിടെ മൂന്ന് ദിവസം കൊണ്ട് ടെസ്റ്റ് തീര്‍ത്ത് ഞങ്ങള്‍ കാണികളെ കൂടുതല്‍ ആവേശത്തിലാഴ്ത്തുകയല്ലേ ചെയ്യുന്നത്' എന്നായിരുന്നു മത്സര ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രോഹിത്തിന്‍റെ മറുപടി.

ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ടെസ്റ്റ് അഞ്ച് ദിവസം നീളാറില്ലെന്ന് രോഹിത് ശര്‍മ്മ