കാണ്‍പൂര്‍ ടെസ്റ്റിന് തയാറെടുക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ഭക്ഷണ മെനുവില്‍(dietary plan)ഹലാല്‍ ഇറച്ചി(Halal Meat) മാത്രമെ വിളമ്പാവൂ എന്നും പോര്‍ക്കും ബീഫും(Beef And Pork) ഒരുകാരണവശാലും വിളമ്പരുതെന്നും നിര്‍ദേശമുണ്ടെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ധുമാല്‍.

കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്(INDvNZ) വ്യാഴാഴ്ച കാണ്‍പൂരില്‍ തുടക്കമാകാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി തയാറാക്കിയ ഭക്ഷണ മെനു(dietary plan) സംബന്ധിച്ച ചര്‍ച്ചകളോട് പ്രതികരിച്ച് ബിസിസിഐ(BCCI). കളിക്കാര്‍ എന്തു കഴിക്കണമെന്നും എന്ത് കഴിക്കേണ്ടെന്നും തീരുമാനിക്കുന്നത് ബിസിസിഐ അല്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍(Arun Dhumal ) പറഞ്ഞു. കളിക്കാര്‍ക്ക് ഇഷ്ടഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും ധുമാല്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

കാണ്‍പൂര്‍ ടെസ്റ്റിന് തയാറെടുക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ഭക്ഷണ മെനുവില്‍(dietary plan)ഹലാല്‍ ഇറച്ചി(Halal Meat) മാത്രമെ വിളമ്പാവൂ എന്നും പോര്‍ക്കും ബീഫും(Beef And Pork) ഒരുകാരണവശാലും വിളമ്പരുതെന്നും നിര്‍ദേശമുണ്ടെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ധുമാല്‍. കളിക്കാരില്‍ ഒരു ഭക്ഷണവും അടിച്ചേല്‍പ്പിക്കുകയോ ഇത്തരം കാര്യങ്ങല്‍ ബിസിസിഐയുടെ ഉന്നതതലങ്ങളില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്യാറില്ല.

ഇത്തരം ചര്‍ച്ചകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല. എന്‍റെ അറിവില്‍ ബിസിസിഐ ഇത്തരം രു നിര്‍ദേശവും നല്‍കിയിട്ടില്ല. ഭക്ഷണശീലങ്ങള്‍ ഓരോ കളിക്കാരുടെയും വ്യക്തിപരമായ താല്‍പര്യമാണെന്നും അരുണ്‍ ധുമാല്‍ പറഞ്ഞു. ഹലാല്‍ ഇറച്ചി വിഷയം ഇതുവരെ കളിക്കാര്‍ ആരും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും ഇക്കാര്യം ബിസിസിഐയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ധുമാല്‍ പറഞ്ഞു.

ഇന്ത്യന്‍ കളിക്കാര്‍ക്ക് ഹലാല്‍ ഇറച്ചി മാത്രെ വിളമ്പാവൂ എന്നും പോര്‍ക്കും ബീഫും അടങ്ങിയ ഭക്ഷണം ഏത് രൂപത്തിലായാലും കളിക്കാര്‍ക്ക് നല്‍കരുതെന്ന് നിര്‍ദേശമുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. സാധാരണഗതിയില്‍ ടീം മാനേജ്മെന്‍റ് മത്സരം നടക്കുന്ന സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഭക്ഷണം, സുരക്ഷ, യാത്രാ തുടങ്ങിയ ആവശ്യങ്ങള്‍ കൈമാറുകയും സംസ്ഥാന അസോസിയേഷനുകള്‍ അത് ബിസിസിഐയുടെ അനുമതിക്കായി നല്‍കുകയുമാണ് ചെയ്യാറുള്ളത്.

എന്നാല്‍ ഇത്തവണ ബിസിസിഐയില്‍ നിന്നല്ല മത്സരത്തിന് വേദിയായ കാണ്‍പൂരിലെ ഉത്തര്‍പ്രദേശ് സംസ്ഥാന അസോസിയേഷനാണ് മെനു തയാറാക്കിയത് എന്നായിരുന്നു ആരാധകര്‍ക്കിടയിലെ ചൂടേറിയ ചര്‍ച്ച. അതേസമയം, ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം നല്‍കിയ ഭക്ഷണ മെനുവില്‍ റെഡ് മീറ്റും വൈറ്റ് മീറ്റും ഉള്‍പ്പെട്ടിട്ടുണ്ട്.

രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റാണ് വ്യാഴാഴ്ച കാണ്‍പൂരില്‍ തുടങ്ങുന്നത്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ മൂന്ന് മുതല്‍ മുംബൈയില്‍ തുടങ്ങും. ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാണ് കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ കോലി ക്യാപ്റ്റനായി തിരിച്ചെത്തും.