അടുത്തിടെ അവസാനിച്ച സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ രഹാനെയ്ക്ക് ആയിരുന്നു. ആ പ്രകടനം ടെസ്റ്റ് പരമ്പരയില്‍ ആവര്‍ത്തിക്കാനാവുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

കാണ്‍പൂര്‍: അടുത്തകാലത്തായി മോശം ഫോമിലാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (Ajinkya Rahane). ഈ വര്‍ഷം തുടക്കത്തില്‍ ഓസ്‌ട്രേലിയന്‍ (Australia) പരമ്പരയില്‍ സെഞ്ചുറി നേടിയ ശേഷം ശ്രദ്ധിക്കപ്പെടുന്ന ഇന്നിംഗ്‌സൊന്നും രഹാനെ കളിച്ചിട്ടില്ല. അടുത്തിടെ അവസാനിച്ച സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ രഹാനെയ്ക്ക് ആയിരുന്നു. ആ പ്രകടനം ടെസ്റ്റ് പരമ്പരയില്‍ ആവര്‍ത്തിക്കാനാവുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. 

ഇതിനിടെ സഹതാരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സഹതാരം ചേതേശ്വര്‍ പൂജാര (Cheteshwar Pujara). ഒരു മികച്ച ഇന്നിംഗ്‌സ് രഹാനെയെ ഫോമിലെത്തിക്കാന്‍ സഹായിക്കുമെന്ന് പൂജാര വ്യക്തമാക്കി. ''രഹാനെ പ്രതിഭയാണ്. എല്ലാതാരങ്ങളും കരിയറില്‍ മോശം കാലഘട്ടത്തിലൂടെ കടന്നുപോകും. അത് ക്രിക്കറ്റിന്റെ ഭാഗമാണ്. എല്ലാവര്‍ക്കും ഉയര്‍ച്ചയും താഴ്ച്ചയുമുണ്ടാകും. രഹാനെ ആത്മവിശ്വാസമാണ് ബാറ്റ്‌സ്മാനാണ്. ഫോമിലെത്താന്‍ കഠിന പ്രയ്തനമെടുക്കുന്നുണ്ട് രഹാനെ. ഒരു മികച്ച ഇന്നിംഗ്‌സ് രഹാനെയെ ഫോമിലെത്താന്‍ സഹായിക്കും.'' പൂജാര വ്യക്തമാക്കി.

''ഒരിക്കല്‍ റണ്‍സ് കണ്ടെത്തിയാല്‍ തുടര്‍ച്ചായി റണ്‍സ് നേടികൊണ്ടേയിരിക്കും. നെറ്റ്‌സില്‍ അദ്ദേഹം കഠിനപ്രയ്തനം ചെയ്തുകൊണ്ടിരിക്കുന്നു. ഈ പരമ്പരയില്‍ തന്നെ അദ്ദേഹം വലിയ സ്‌കോറുകള്‍ നേടുമെന്നാണ് എന്റെ വിശ്വാസം.'' പൂജാര പറഞ്ഞു. 

യുവതാരം ശുഭ്മാന്‍ ഗില്‍ ആദ്യ ടെസ്റ്റ് കളിക്കമെന്നും പൂജാര ഉറപ്പുനല്‍കി. എന്നാല്‍ ബാറ്റിംഗ് പൊസിഷന്‍ തീരുമാനിക്കുക പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണെന്നും അതിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നില്ലെന്നും പൂജാര കൂട്ടിച്ചേര്‍ത്തു.