ന്യൂസിലന്‍ഡിനെതിരെ മൂന്ന് ടി20 മത്സരങ്ങളിലും വെങ്കടേഷ് കളിച്ചു. മൂന്ന് മത്സരങ്ങളില്‍ 36 റണ്‍സാണ് താരം നേടിയത്. 18 റണ്‍സാണ് ശരാശരി. അവസാന മത്സരത്തില്‍ മാത്രമാണ് താരം പന്തെറിഞ്ഞത്.

 കൊല്‍ക്കത്ത: ഐപിഎല്ലിലെ പ്രകടനമാണ് പുത്തന്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ക്ക് (Venkatesh Iyer) ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നുവിട്ടത്. ന്യൂസിലന്‍ഡിനെതിരെ മൂന്ന് ടി20 മത്സരങ്ങളിലും വെങ്കടേഷ് കളിച്ചു. മൂന്ന് മത്സരങ്ങളില്‍ 36 റണ്‍സാണ് താരം നേടിയത്. 18 റണ്‍സാണ് ശരാശരി. അവസാന മത്സരത്തില്‍ മാത്രമാണ് താരം പന്തെറിഞ്ഞത്. മൂന്നോവില്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 

വലിയ സ്വാധീനമൊന്നും ചെലുത്താന്‍ സാധിച്ചില്ലെങ്കിലും താരത്തിന് ടീം മാനേജ്‌മെന്റിന്റെ പിന്തുണയുണ്ട്. ടി20 ക്യാപ്്റ്റന്‍ മത്സരശേഷം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പരമ്പര നേട്ടത്തില്‍ വെങ്കടേഷും സന്തോഷവാനാണ്. ''എന്നെ സംബിന്ധിച്ചിടത്തോളം എക്കാലത്തും ഓര്‍മിക്കപ്പെടുന്ന പരമ്പരയാണിത്. ഇന്ത്യയുടെ ജേഴ്‌സി അണിന്നത് തന്നെ സ്വപ്‌നമായിരുന്നു. അതിന് പരമ്പരയിലൂടെ സാധിച്ചു. അതും സമ്പൂര്‍ണ ജയത്തോടെ. ഞാന്‍ ഒരുപാട് സന്തോഷവാനാണ്. ജേതാക്കള്‍ക്കുള്ള ട്രോഫി പിടിച്ചു നില്‍ക്കുന്നത് അഭിമാനമുള്ള കാര്യമാണ്. അന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നന്നായി കളിച്ചെന്ന് എന്നോട് പറഞ്ഞിരുന്നു.'' വെങ്കടേഷ് പറഞ്ഞു. 

പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) എന്നിവരെ കുറിച്ചും വെങ്കടേഷ് സംസാരിച്ചു. ''രാഹുല്‍ സര്‍ ഇതിഹാസ ക്രിക്കറ്ററാണ്. ഇന്ത്യക്കായി ഒരുപാട് മത്സരങ്ങള്‍ അദ്ദേഹം കളിച്ചു. യുവതാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. അദ്ദേഹത്തില്‍ നിന്ന് എനിക്ക് കിട്ടുന്ന പിന്തുണ വലുതാണ്. ക്യാപ്റ്റനും പരിശീലകനുമായുള്ള ഇടപഴകല്‍ ഒരുപാട് ആത്മവിശ്വാസം നല്‍കുന്നു. എനിക്ക് എല്ലാ തരത്തിലുള്ള സ്വാതന്ത്രവും പരിശീലകന്‍ തന്നിട്ടുണ്ട്. എന്റെ കഴിവില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്.'' വെങ്കടേഷ് കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്തയിലെ മത്സരശേഷം രോഹിത് വെങ്കടേഷിനെ കുറിച്ച് സംസാരിച്ചിരുന്നു. ''വെങ്കടേഷിന്റെ എല്ലാ കഴിവും ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തുടക്കക്കാരന്‍ എന്ന നിലയില്‍ അവന്‍ ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്തു. സമയമെടുത്ത് കളിക്കാനുള്ള അവസരം അവനുണ്ടായിരുന്നു. അതേസമയം അദ്ദേഹത്തിന് ഇണങ്ങുന്ന ബാറ്റിംഗ് പൊസിഷനില്‍ കളിപ്പിക്കേണ്ടതുമുണ്ട്.'' രോഹിത് പറഞ്ഞു.