ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. മായങ്ക് അഗര്‍വാള്‍ (146), അക്‌സര്‍ പട്ടേല്‍ (32) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് നഷ്ടമായ ആറ് വിക്കറ്റുകളും അജാസ് പട്ടേലിനാണ്. 

മുംബൈ: ന്യൂസിലന്‍ഡിനെതിരെ (INDvNZ) രണ്ടാം ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്്ടമായെങ്കിലും തിരിച്ചടിച്ച് ഇന്ത്യ. ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. മായങ്ക് അഗര്‍വാള്‍ (146), അക്‌സര്‍ പട്ടേല്‍ (32) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് നഷ്ടമായ ആറ് വിക്കറ്റുകളും അജാസ് പട്ടേലിനാണ്. ഇന്ന് വൃദ്ധിമാന്‍ സാഹ (27), ആര്‍ അശ്വിന്‍ (0) എന്നിവരെയാണ്് അജാസ് പുറത്താക്കിയത്. 

അജാസ് നിര്‍ത്തിടത്ത് നിന്ന് തുടങ്ങി

അജാസ് പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് സ്വന്തമാക്കി. നാലാം പന്തില്‍ സാഹയാണ് ആദ്യം പുറത്തായത്. തലേദിവസത്തെ സ്‌കോറിനോട് രണ്ട് റണ്‍ മ്ാത്രമാണ് താരം ചേര്‍ത്തത്. കിവി സ്പിന്നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തൊട്ടടുത്ത പന്തില്‍ അശ്വിനേയും അജാസ് മടക്കി. അശ്വിന്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നാലെ മായങ്കിനൊപ്പം ഒത്തുച്ചേര്‍ന്ന അക്‌സര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ലഞ്ച് വരെ കൊണ്ടുപോയി. ഇരുവരും ഇതുവരെ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

തകര്‍ച്ചയ്ക്കിടയിലും മായങ്ക് ആശ്വാസം

മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും മായങ്കിന്റെ സെഞ്ചുറി ഇന്ത്യക്ക് ആശ്വാസമായത്. താരത്തിന്റെ നാലാം സെഞ്ചുറിയാണിത്. മൂന്ന് 80 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ മായങ്ക്- ശ്രേയസ് അയ്യര്‍ (18) കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇരുവരും 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാല് സിക്സും 16 ഫോറും അടങ്ങുന്നതാണ് മായങ്കിന്റെ ഇന്നിംഗ്സ്. ശ്രേയസിനെ അജാസ് മടക്കിയെങ്കിലും സാഹയുമൊത്ത് ഉറച്ചുനിന്ന മായങ്ക് ആദ്യദിവസം പൂര്‍ത്തിയാക്കുകയായിരുന്നു. ഇരുവരും ഇതുവരെ 64 റണ്‍സ് ഇന്ത്യന്‍ ടോട്ടലിനോട് ചേര്‍ത്തു. 

മുന്‍നിരയെ മടക്കി അജാസ്

ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുത്തിരുന്നു ഇന്ത്യ. എന്നാല്‍ അതേ സ്‌കോറില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഗില്ലാണ് ആദ്യം മടങ്ങിയത്. അജാസിന്റെ പന്തില്‍ സ്ലിപ്പില്‍ റോസ് ടെയ്ലര്‍ക്ക് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ പൂജാരയേയും അജാസ് മടക്കി. അഞ്ച് പന്ത് മാത്രമായിരുന്നു പൂജാരയ്ക്ക് ആയുസ്. അജാസിന്റെ പന്തില്‍ താരം ബൗള്‍ഡായി. ചെറിയ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ കോലിയും നിരാശപ്പെടുത്തി. നേരിട്ട നാലാം പന്തില്‍ തന്നെ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

ഇരു ടീമിലും മാറ്റം

നേരത്തെ മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നതിയത്. പരിക്കേറ്റ അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ എന്നിവര്‍ പുറത്തായി. രഹാനെയ്്ക്ക് പകരം വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തി. ജഡേജയ്ക്ക് പകരം ജയന്ത് യാദവ് കളിക്കും. ഇശാന്തിന് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. കിവീസ് ടീമിലും ഒരുമാറ്റമുണ്ട്. പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പുറത്തായി. ഡാരില്‍ മിച്ചല്‍ പകരമെത്തി. ടോം ലാഥമാണ് കിവീസിനെ നയിക്കുക. 

പരിക്ക് കളിക്കുന്നു

കാണ്‍പൂര്‍ ടെസ്റ്റിന്റെ അവസാന ദിവസം ഫീല്‍ഡ് ചെയ്യുമ്പോഴാണ് രഹാനെയ്ക്ക് പരിക്കേല്‍ക്കുന്നത്. രഹാനെ പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനായിട്ടില്ലെന്ന് ബിസിസിഐ കുറിപ്പില്‍ വ്യക്തമാക്കി. വലത് കയ്യിനേറ്റ പരിക്കാണ് ജഡേജയെ പുറത്താക്കിയത്. പരിശോധനയില്‍ ഓള്‍റൗണ്ടറുടെ കയ്യിന് വീക്കമുണ്ടെന്ന് കണ്ടെത്തി. ഇടത് ചെറുവിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇശാന്തിനെ ഒഴിവാക്കിയത്. ഇടത് കൈമുട്ടിനേറ്റ പരിക്കാണ് വില്യംസണ് പുറത്തേക്കുള്ള വഴിയൊരുക്കിയത്. 2021 സീസണില്‍ താരത്തെ ഈ പരിക്ക് വലച്ചിരുന്നു.

ടീമുകള്‍ 

ഇന്ത്യ: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, ജയന്ത് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ന്യൂസിലന്‍ഡ്: ടോം ലാഥം, വില്‍ യംഗ്, ഡാരില്‍ മിച്ചല്‍, റോസ് ടെയ്ലര്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലണ്ടല്‍, രചിന്‍ രവീന്ദ്ര, കെയ്ല്‍ ജെയ്മിസണ്‍, ടിം സൗത്തി, വില്യം സോമര്‍വില്ലെ, അജാസ് പട്ടേല്‍.