വിരാട് കോലി അടക്കം പ്രമുഖരില്ലാതെ കാണ്‍പൂരില്‍ ഇറങ്ങുമ്പോള്‍ പത്തിലധികം ടെസ്റ്റ് കളിച്ച മൂന്ന് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ മാത്രമാണ് ടീമില്‍. പുജാരയും രഹാനെയും മോശം ഫോം കാരണം സമ്മര്‍ദ്ദത്തിലെങ്കില്‍.

കാണ്‍പൂര്‍: ഇന്ത്യ- ന്യൂസിലന്‍ഡ് (INDvNZ) ടെസ്റ്റ് പരമ്പരയ്ക്ക് നാളെ കാണ്‍പൂരില്‍ തുടക്കം. താല്‍കാലിക നായകന്‍ അജിന്‍ക്യ രഹാനെയ്ക്കും (Ajinkya Rahane) ചേതേശ്വര്‍ പുജാരയ്ക്കും (Cheteshwar Pujara) ഏറെ നിര്‍ണായകമാണ് പരമ്പര. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഐസിസി കിരീടങ്ങള്‍ നേടാതിരുന്ന രവി ശാസ്ത്രിക്ക് പിടിവള്ളിയായത് ടെസ്റ്റില്‍ ടീം ഇന്ത്യ നടത്തിയ മുന്നേറ്റമായിരുന്നു. 

ഓസ്‌ട്രേലിയയിലും (Australia) ഇംഗ്ലണ്ടിലും (England) കരുത്തുകാട്ടിയ രവി ശാസ്ത്രി- വിരാട് കോലി (Virat Kohli) കൂട്ടുകെട്ടിന്റെ വിജയം ദക്ഷിണാഫ്രിക്കയിലും (South Africa) ആവര്‍ത്തിക്കുകയാകും യഥാര്‍ത്ഥത്തില്‍ പരിശീലകന്‍ എന്ന നിലയില്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) നേരിടുന്ന ആദ്യ വെല്ലുവിളി. ദക്ഷിണാഫ്രിക്കയിലേക്ക് ആത്മവിശ്വാസത്തോടെ പോകാന്‍ ന്യൂസിലന്‍ഡിനെതിരെ ആധികാരിക ജയം വേണം ടീം ഇന്ത്യക്ക്. 

വിരാട് കോലി അടക്കം പ്രമുഖരില്ലാതെ കാണ്‍പൂരില്‍ ഇറങ്ങുമ്പോള്‍ പത്തിലധികം ടെസ്റ്റ് കളിച്ച മൂന്ന് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ മാത്രമാണ് ടീമില്‍. പുജാരയും രഹാനെയും മോശം ഫോം കാരണം സമ്മര്‍ദ്ദത്തിലെങ്കില്‍. ഓാസ്‌ട്രേലിയയില്‍ തഴയപ്പെട്ടതിനുശേഷം തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് മായങ്ക് അഗര്‍വാള്‍ (Mayank Agarwal). 

അവസാന 15 ടെസ്റ്റില്‍ ഒരു സെഞ്ച്വറി മാത്രം നേടിയ രഹാനെയുടെ ശരാശരി 25ലും താഴെയാണ്. അവസാന 22 ടെസ്റ്റില്‍ 29ല്‍ താഴെ ശരാശരിയില്‍ സ്‌കോര്‍ ചെയ്യുന്ന പുജാരയുടെ പേരിലും സെഞ്ച്വറി ഇല്ല. ശുഭ്മാന്‍ ഗില്ലിനെ മധ്യനിരയില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കെ എല്‍ രാഹുലിന് പരിക്കേറ്റതോടെ ഓപ്പണിംഗില്‍ തുടരേണ്ടിവരും. 

അതേസമയം നിലവില്‍ ലോക ടെസ്റ്റ് ചാംപ്യന്മാരെങ്കിലും 1988ന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് ജയിക്കാനാകാത്ത ടീമാണ് ന്യുസിലന്‍ഡ്. ടോം ലേഥത്തിനൊപ്പം ഇന്നിംഗ്‌സ് തുടങ്ങാന്‍ ആരെത്തുമെന്നതില്‍ വ്യക്തതയില്ല. മിച്ചല്‍ സാന്റ്‌നര്‍ അടക്കം മൂന്ന് സ്പിന്നര്‍മാരെ
ഉള്‍പ്പെടുത്തുന്നത് സന്ദര്‍ശകര്‍ പരിഗണിക്കുന്നുണ്ട്.