ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ കളിച്ച ഹനുമാ വിഹാരിക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരിക്കിനെ തുടര്‍ന്ന് കളിക്കാനായില്ല. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള 16 അംഗ ടീമില്‍ നിന്ന് വിഹാരിയെ അപ്രതീക്ഷിതമായി സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു.

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ്((IND vs NZ) ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് വ്യാഴാഴ്ച കാണ്‍പൂരില്‍ തുടക്കമാകാനിരിക്കെ ഇന്ത്യന്‍ ടീം സെലക്ടര്‍മാരുടെ വലിയ പിഴവ് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര(Aakash Chopra). ടെസ്റ്റ് സ്പെഷലിസ്റ്റും മധ്യനിര ബാറ്ററുമായ ഹനുമാ വിഹാരിയെ(Hanuma Vihari) ഒഴിവാക്കിയത് ഇന്ത്യന്‍ സെലക്ടര്‍മാരുടെ ഭാഗത്തുനിന്നുള്ള പൊറുക്കാനാവാത്ത തെറ്റാണെന്ന് ആകാശ് ചോപ്ര പറഞ്ഞു. തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ കെ എല്‍ രാഹുലിന്(KL Rahul) ടെസ്റ്റ് പരമ്പര പൂര്‍ണമായും നഷ്ടമാവുമെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആകാശ് ചോപ്രയുടെ ട്വീറ്റ്.

ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ കളിച്ച ഹനുമാ വിഹാരിക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരിക്കിനെ തുടര്‍ന്ന് കളിക്കാനായില്ല. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള 16 അംഗ ടീമില്‍ നിന്ന് വിഹാരിയെ അപ്രതീക്ഷിതമായി സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു. പ്രിയങ്ക് പഞ്ചാല്‍ നായകനായ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിലും(India A vs South Africa A) സെലക്ടര്‍മാര്‍ വിഹാരിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

Scroll to load tweet…

പിന്നീട് വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഹനുമാ വിഹാരിയെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി എ ടീമില്‍ ഉള്‍പ്പെടുത്തി. വിഹാരിയെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കിയതിനും പിന്നീട് രണ്ടാം തവണ എ ടീമില്‍ ഉള്‍പ്പെടുത്തിയതിനും പ്രത്യേകിച്ച് വിശദീകരണങ്ങളൊന്നും നല്‍കിയതുമില്ല.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സിഡ്നി ടെസ്റ്റിലാണ് വിഹാരി അവസാനമായി ഇന്ത്യക്കായി കളിച്ചത്. പേശിവലിവിനെത്തുടര്‍ന്ന് ബുദ്ധിമുട്ടിയിട്ടും വിഹാരിയുടെയും അശ്വിന്‍റെയും ബാറ്റിംഗ് മികവില്‍ സിഡ്നി ടെസ്റ്റില്‍ ഇന്ത്യ വീരോചിത സമനില സ്വന്തമാക്കിയിരുന്നു.

അഞ്ച് സ്പെഷലിസ്റ്റ് ബൗളര്‍മാരുമായി ഇറങ്ങുന്ന ഹോം ടെസ്റ്റുകളില്‍ വിഹാരിക്ക് പലപ്പോഴും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാറില്ല. കരിയറില്‍ ഇതുവരെ കളിച്ച 12 ടെസ്റ്റുകളില്‍ ഒരു ടെസ്റ്റില്‍ മാത്രമാണ് വിഹാരി സ്വന്തം നാട്ടില്‍ കളിച്ചത്. ശേഷിക്കുന്ന 11 ടെസ്റ്റും വിദേശത്തായിരുന്നു. വിഹാരിടെ ടെസ്റ്റ് ടീമിലെടുത്തിരുന്നെങ്കില്‍ പുതിയ കളിക്കാരെ ഉള്‍പ്പെടുത്താതെ തന്നെ ഇന്ത്യക്ക മുന്നോട്ടുവോപാനാകുമായിരുന്നുവെന്നാണ് ആകാശ് ചോപ്രയുടെ നിലപാട്.

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റാണ് വ്യാഴാഴ്ച കാണ്‍പൂരില്‍ തുടങ്ങുന്നത്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ മൂന്ന് മുതല്‍ മുംബൈയില്‍ തുടങ്ങും. ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാണ് കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ കോലി ക്യാപ്റ്റനായി തിരിച്ചെത്തും.