INDvNZ : വീണ്ടും രക്ഷകനായി ശ്രേയസ്! കിവീസ് വിയര്‍ക്കുന്നു; കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 200 കവിഞ്ഞു
49 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയിരുന്നത്. മൂന്നാംദിനം ഗംഭീര തിരിച്ചുവരവ് നടത്തി ഇന്ത്യ സന്ദര്‍ശകരെ 296 റണ്‍സിന് പുറത്താക്കിയിരുന്നു. ഓപ്പണര്‍മാരായ ടോം ലാഥം (95), വില്‍ യംഗ് (89) എന്നിവരൊഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.
കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ (New Zealand) ആദ്യ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ ലീഡ് 200 കവിഞ്ഞു. കാണ്‍പൂര്‍ ഗ്രീന്‍പാര്‍ക്കില്‍ നാലാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ഏഴിന് 167 എന്ന നിലയിലാണ് ഇന്ത്യ (Team India). 216 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. വൃദ്ധിമാന്‍ സാഹ (22) ക്രീസിലുള്ള താരം. ശ്രേയസ് അയ്യര്‍ (65) പുറത്തായി. ടിം സൌത്തി, കെയ്ല്‍ ജെയ്മിസണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 49 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയിരുന്നത്. മൂന്നാംദിനം ഗംഭീര തിരിച്ചുവരവ് നടത്തി ഇന്ത്യ സന്ദര്‍ശകരെ 296 റണ്‍സിന് പുറത്താക്കിയിരുന്നു. ഓപ്പണര്‍മാരായ ടോം ലാഥം (95), വില്‍ യംഗ് (89) എന്നിവരൊഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. അക്സര്‍ പട്ടേല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 345 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യര്‍ (105) സെഞ്ചുറി നേടി. കിവീസിനായി ടിം സൗത്തി അഞ്ച് വിക്കറ്റെടുത്തു.
മധ്യനിര വീണ്ടും നിരാശപ്പെടുത്തി
ഒന്നിന് 14 എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ മധ്യനിര ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ചേതേശ്വര്‍ പൂജാരയാണ് (22) ആദ്യം മടങ്ങിയത്. കെയ്ല്‍ ജെയ്മിസണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. പിന്നാലെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (4) അജാസ് പട്ടേലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ടിം സൗത്തിയുടെ തകര്‍പ്പന്‍ ബൗളിംഗാണ് മായങ്ക് അഗര്‍വാളിനേയും (17), രവീന്ദ്ര ജഡേജയേയും (0) മടക്കിയയച്ചത്. മായങ്ക് സ്ലിപ്പില്‍ ടോം ലാഥത്തിന്റെ കയ്യില്‍ കുടുങ്ങി. അതേ ഓവറില്‍ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. നേരിട്ട മൂന്നാം പന്തില്‍ തന്നെ ഗില്‍ പുറത്ത്. കെയ്ല്‍ ജെയ്മിസണ്ിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.
അശ്വിന്‍- ശ്രേയസ് കൂട്ടുകെട്ട്
അഞ്ചിന് 51 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യക്ക് ആശ്വാസമായത് ശ്രേയസ്- അശ്വിന്‍ (32) കൂട്ടുകെട്ടാണ്. ഇരുവരും 52 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ അശ്വിനെ ബൗളഡാക്കി ജെയ്മിസണ്‍ കിവീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അഞ്ച് ബൗണ്ടറികല്‍ അടങ്ങുന്നതായിരുന്നു അശ്വിന്റെ ഇന്നിംഗ്‌സ്. പിന്നാലെ ക്രീസിലെത്തിയത് സാഹ. ശ്രേയസിനൊപ്പം മറ്റൊരു മികച്ച കൂട്ടുകെട്ടുണ്ടാക്കാനും സാഹയ്ക്കായി. എന്നാല്‍ ശ്രയസിനെ സൌത്തി വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. ഇരുവരും 64 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.
അശ്വിന്‍- അക്‌സര്‍ മാജിക്
വിക്കറ്റ് നഷ്ടമില്ലാതെ 129 എന്ന നിലയിലാണ് ന്യൂസിലന്‍ഡ് മൂന്നാദിനം ആരംഭിച്ചത്. എന്നാല്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആദ്യ വിക്കറ്റ് ന്യൂസിലന്‍ഡിന് നഷ്ടമായി. യംഗിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിച്ചു. 15 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു യംഗിന്റെ ഇന്നിംഗ്സ്. പിന്നാലെ ക്രീസിലെത്തിയ ക്യാപ്്റ്റന്‍ കെയ്ന്‍ വില്യംസണ് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ലഞ്ചിന് തൊട്ടുമുമ്പുള്ള വില്യംസണ്‍ മടങ്ങി. ഉമേഷിന്റെ പന്തില്‍ വില്യംസണ്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. വില്യംസണ്‍ മടങ്ങിയ ശേഷം കിവീസ് ബാറ്റര്‍ക്ക് നിലയുറപ്പിക്കാനായില്ല.
അക്സറിന്റെ മൂന്ന് വിക്കറ്റ് പ്രകടനം സന്ദര്‍ശകരുടെ നടുവൊടിച്ചു. പരിചയസമ്പന്നനായ റോസ് ടെയ്ലറേയാണ് (11) അക്സര്‍ ആദ്യം മടക്കിയത്. വിക്കറ്റ് കീപ്പര്‍ ഭരതിന് ക്യാച്ച്. തുടര്‍ന്ന് ക്രീസിലെത്തിയ ഹെന്റി നിക്കോള്‍സിന് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. രണ്ട് റണ്‍സെടുത്ത താരത്തെ അക്സര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത് ലാഥത്തിന്റെ ഊഴമായിരുന്നു. ക്രീസില്‍ നിന്നിറങ്ങി കളിക്കാന്‍ ശ്രമിച്ച ലാഥത്തിന് പിഴച്ചു. അക്സറിന്റെ പന്തില്‍ ഭരത് അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കി. 10 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ലാഥത്തിന്റെ ഇന്നിംഗ്സ്. 13 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ രചിന്‍ രവീന്ദ്രയെ ജഡേജ ബൗള്‍ഡാക്കി.
വാലറ്റത്തെ ചുരുട്ടിക്കൂട്ടി
55 റണ്‍സെടുക്കുന്നതിനിടെ വാലറ്റത്തെ നാല് വിക്കറ്റും ന്യൂസിലന്‍ഡിന് നഷ്ടമായി. ടോം ബ്ലണ്ടലിനെ (13) അക്സര്‍ ബൗള്‍ഡാക്കി. സൗത്തിയും (5) അതേ രീതിയില്‍ മടങ്ങി. കെയ്ന്‍ ജെയ്മിസണിനെ (23) അശ്വിന്‍ അക്സറിന്റെ കൈകളിലെത്തിച്ചു. വില്യം സോമര്‍വില്ലയെ (5) പുറത്താക്കി അശ്വിന്‍ മൂന്ന് വിക്കറ്റ് പൂര്‍ത്തിയാക്കി. രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു.
ഇന്ത്യയെ നയിച്ചത് ശ്രേയസ്
നേരത്തെ ശ്രേയസിന്റെ സെഞ്ചുറിയാണ് (105) ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടുന്ന 16-ാമത്തെ ഇന്ത്യന്‍ താരമാണ് ശ്രേയസ്. ന്യൂസിലന്‍ഡിനെതിരെ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് ശ്രേയസ്. അഞ്ചിന് 258 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് രണ്ടാംദിനം ആദ്യം നഷ്ടമായത് രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ്. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലു കൂട്ടിച്ചേര്‍ക്കാനാവാതെ രവന്ദ്ര ജഡേജയാണ് (50) ആദ്യം മടങ്ങിയത്. ടിം സൗത്തിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയ വൃദ്ധിമാന്‍ സാഹ (1) നിരാശപ്പെടുത്തി. സൗത്തിയുടെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന് ക്യാച്ച്. പിന്നാലെ ശ്രേയസും സൗത്തിക്ക് വിക്കറ്റ് നല്‍കി. അക്‌സര്‍ പട്ടേല്‍ സൗത്തിയുടെ തന്നെ പന്തില്‍ ബ്ലണ്ടലിന് ക്യാച്ച് നല്‍കി. ഇന്നലെ ചേതേശ്വര്‍ പൂജാരയായിരുന്നു സൗത്തിയുടെ ആദ്യത്തെ ഇര. ആര്‍ അശ്വിന്‍ (38), ഇശാന്ത് ശര്‍മ (0) എന്നിവരെ അജാസ് പട്ടേല്‍ മടങ്ങിയതോടെ ഇന്ത്യ കൂടാം കയറി.
ജെയ്മിസണിന്റെ സൂപ്പര്‍ സ്‌പെല്‍
ആദ്യംദിനം രണ്ടാം സെഷന്‍ ആരംഭിച്ച് തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് ഗില്ലിനെ നഷ്ടമായി. ലഞ്ചിന് പിരിയുമ്പോഴുള്ള സ്‌കോറില്‍ നിന്ന് ഒരു റണ്‍ പോലും കൂടുതല്‍ നേടാന്‍ ഗില്ലിന് സാധിച്ചില്ല. ജെയ്മിസണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയത് രഹാനെ. മറുവശത്ത് പൂജാരയുടെ ഇന്നിംഗ്സ് ഒച്ചിഴയും വേഗത്തിലായിരുന്നു. അതാവട്ടെ കൂടുതല്‍ സമയം നീണ്ടുനിന്നതുമില്ല. 26 റണ്‍സെടുത്ത താരത്തെ സൗത്തി മടക്കി. വിക്കറ്റ് കീപ്പര്‍ ബ്ലണ്ടലിന് ക്യാച്ച്. 35 റണ്‍സെ നേടാനായൊള്ളൂവെങ്കിലും മനോഹരമായ ഷോട്ടുകള്‍ നിറഞ്ഞതായിരുന്നു രഹാനെയുടെ ഇന്നിംഗ്സ്. ആറ് ബൗണ്ടറികള്‍ ഇന്ത്യന്‍ ക്യാപ്്റ്റന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം. എന്നാല്‍ വലിയ ആയുസുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഇന്നിംഗ്സിന്. ജെയ്മിസണിന്റെ പന്തില്‍ ബൗള്‍ഡായി.
ശ്രേയസ്- ജഡ്ഡു കൂട്ടുകെട്ട്
രഹാനെ മടങ്ങിയതോടെ നാലിന് 145 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ ക്രീസിലെത്തിയത് ജഡേജ. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്ക് മുകളിലാണ് ജഡേജ ഇറങ്ങിയത്. എന്തായാലും സ്ഥാനക്കയറ്റം ജഡേജ മുതലാക്കി. 121 റണ്‍സാണ് ജഡേജ- ശ്രയസ് സഖ്യം കൂട്ടിച്ചേര്‍ത്തത്. ആറ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്.