സിഡ്‌നി: ഇന്ത്യക്കെതിരെ സിഡ്‌നിയില്‍ മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. അവരുടെ റിസര്‍വ് ബൗളറായ ജയിംസ് പാറ്റിന്‍സണ്‍ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായി. മൂന്നാം ടെസ്റ്റിലേക്ക് താരത്തെ പരിഗണിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ടു. ആദ്യ രണ്ട് ടെസ്റ്റിലും താരത്തിന് അവസരമില്ലായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ജോഷ് ഹേസല്‍വുഡ് നിറം മങ്ങിയപ്പോള്‍ സിഡ്‌നിയില്‍ പാറ്റിന്‍സണെ പരിഗണിക്കണമെന്ന് പലരും പറഞ്ഞിരുന്നു. 

വാരിയെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയത് ക്രിക്കറ്റ് ഓസ്ട്രേലിയ ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. നാലാം ടെസ്റ്റിന് മുന്നോടിയായി താരത്തിന്റെ പരിക്ക് മാറിയാല്‍ ടീമില്‍ തിരിച്ചെത്തും. അതുകൊണ്ടുതന്നെ താരത്തിന്റെ പകരരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബ്രിസ്‌ബേന്‍ ടെസ്റ്റിന് മുമ്പ് പരിക്ക് മാറിയില്ലെങ്കില്‍ മാത്രമേ മറ്റൊരു താരത്തെ പരിഗണിക്കൂവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

അടുത്ത വ്യാഴാഴ്ച്ചയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇരുവരും ഓരോ ജയം നേടിയിരുന്നു. ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ടീമിലെ പ്രധാന പേസര്‍മാര്‍.