മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പരിക്ക്. പരിക്കിനെത്തുടര്‍ന്ന് ഭുവിയെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. ശര്‍ദ്ദുല്‍ ഠാക്കൂര്‍ ഭുവിയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഭുവിയുടെ പരിക്കിന്റെ സ്വഭാവത്തെക്കുറിച്ച് ടീം ഫിസിയോ വിലയിരുത്തിയശേഷമെ വിശാദാംശങ്ങള്‍ പുറത്തുവാടാനാകൂവെന്ന് ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരായ പരമ്പരകള്‍ പരിക്കിനെത്തുടര്‍ന്ന് നഷ്ടമായ ഭുവി വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലാണ് വീണ്ടും ടീമില്‍ തിരിച്ചെത്തിയത്. ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും ഭുവി ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങുകയും ചെയ്തു. അവസാന ടി20യില്‍ പൊള്ളാര്‍ഡിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയും ഭുവിയായിരുന്നു.

പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര പരിക്കേറ്റ് പുറത്തിരിക്കുന്നതിനാല്‍ ഭുവിയെകൂടി നഷ്ടമാകുന്നത് ഇന്ത്യന്‍ ബൗളിംഗിനെ ദുര്‍ബലമാക്കും. ഭുവിയുടെ പകരക്കാരനാവുമെന്ന് കരുതുന്ന ഷര്‍ദ്ദുല്‍ ഠാക്കൂര്‍ കഴിഞ്ഞവര്‍ഷം ഏഷ്യാ കപ്പില്‍ കളിച്ചശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ല. പരിക്കേറ്റ നവദീപ് സെയ്നിയും പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാത്തതിനാല്‍ ഠാക്കൂറിന് അവസരം ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.