ഇതോടെ ഇന്ത്യക്കെതിരെ മൂന്ന് പേസര്‍മാരുമായി ഇംഗ്ലണ്ടിന് പന്തെറിയേണ്ടിവരും.

ഓവല്‍: ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കനത്ത പ്രഹരമായി പേസര്‍ ക്രിസ് വോക്സിന്‍റെ പരിക്ക്. ആദ്യ ദിനം അവസാന സെഷനില്‍ പന്ത് ബൗണ്ടറി കടക്കുന്നത് തടയുന്നതിനിടെ വീണ് തോളിന് പരിക്കേറ്റ ക്രിസ് വോക്സ് അഞ്ചാം ടെസ്റ്റില്‍ കളിക്കില്ല. നാലു പേസര്‍മാരുമായി അഞ്ചാം ടെസ്റ്റിന് ഇറങ്ങിയ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് വോക്സിന്‍റെ പിന്‍മാറ്റം. വോക്സിന് അഞ്ചാം ടെസ്റ്റില്‍ കളിക്കാനാവില്ലെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യൻ ഇന്നിംഗ്സിലെ 57-ാം ഓവറിലാണ് വോക്സിന് പരിക്കേറ്റത്. പരിക്കുമൂലം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് അഞ്ചാം ടെസ്റ്റില്‍ കളിക്കാത്ത സാഹചര്യത്തില്‍ വോക്സ് കൂടി ഇല്ലാത്തത് ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമാണ്.

ഇതോടെ ഇന്ത്യക്കെതിരെ മൂന്ന് പേസര്‍മാരുമായി ഇംഗ്ലണ്ടിന് പന്തെറിയേണ്ടിവരും. വാലറ്റത്ത് ബാറ്റിംഗിലും നിര്‍ണായക സംഭാവന നല്‍കാറുള്ള താരമാണ് വോക്സ്. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സമാന സാഹചര്യത്തില്‍ ഇന്ത്യക്ക് റിഷഭ് പന്തിനെ പരിക്കുമൂലം നഷ്ടമായിരുന്നു. നാലാം ടെസ്റ്റിന്‍റെ ആദ്യ ദിനമായിരുന്നു ക്രിസ് വോക്സിന്‍റെ പന്ത് കാല്‍പ്പാദത്തില്‍ കൊണ്ട് റിഷഭ് പന്തിന് പരിക്കേറ്റത്.

പരിക്കേറ്റ കാലമായി രണ്ടാം ദിനം ക്രീസിലെത്തിയ റിഷഭ് പന്ത് അര്‍ധസെഞ്ചുകി പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ റിഷഭ് പന്ത് ബാറ്റിംഗിനിറങ്ങിയില്ല. കാല്‍പ്പാദത്തില്‍ പൊട്ടലുള്ള റിഷഭ് പന്തിനെ അഞ്ചാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഇന്ത്യ ഒഴിവാക്കിയിരുന്നു. ധ്രുവ് ജുറെലാണ് പകരം അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്കായി കളിക്കുന്നത്.

റിഷഭ് പന്തിന് പരിക്കേറ്റ് പുറത്തായപ്പോള്‍ ഇത്തരത്തില്‍ പരിക്കേറ്റ് പുറത്താവുന്ന താരങ്ങള്‍ക്ക് പകരം കളിക്കാരനെ ഇറക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീര്‍ നാലാം ടെസ്റ്റിനുശേഷം ആവശ്യപ്പെട്ടിരുന്നെങ്കിലും അസംബന്ധമെന്നായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇതിനെ വിശേഷിപ്പിച്ചത്.