എക്സ് റേയില്‍ തള്ളവിരലില്‍ പൊട്ടലുണ്ടെന്ന് വ്യക്തമായതോടെ വില്യംസണ് ന്യൂസിലന്‍ഡിന്‍റെ അടുത്ത മത്സരങ്ങളിലും കളിക്കാനാവില്ലെന്ന് ഉറപ്പായി.

ചെന്നൈ: ലോകകപ്പില്‍ മൂന്ന് ജയങ്ങളുമായി പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തിയെങ്കിലും ന്യൂസിലന്‍ഡ് ടീമിന് തിരിച്ചടികള്‍ തീരുന്നില്ല. ഐപിഎല്ലിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഏഴ് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്നശേഷം ലോകകപ്പിലൂടെ ടീമില്‍ തിരിച്ചെത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ഇന്നലെ വീണ്ടും പരിക്കേറ്റു.

ആദ്യ രണ്ട് കളികളിലും പരിക്കുമൂലം കളിക്കാതിരുന്ന വില്യംസണ്‍ ഇന്നലെ ബംഗ്ലാദേശിനെതിരെ ആണ് ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയത്. 78 റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും സിംഗിളെടുക്കാനുള്ള ശ്രമത്തിനിടെ ബംഗ്ലാദേശ് ഫീല്‍ഡറുടെ ത്രോ നേരെ കൈയില്‍ കൊണ്ട് വില്യംസണ് പരിക്കേറ്റിരുന്നു. പിന്നീട് ബാറ്റിംഗ് തുടരാനാകാതെ റിട്ടേയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട വില്യംസണെ സ്കാനിംഗിന് വിധേയമാക്കി.

നി‌ർണായക ടോസ് നേടിയിട്ടും ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത് തിരിച്ചടിയാകുമോ, ഇന്ത്യ ഭയക്കുന്നത് ഈ കണക്കുകള്‍

എക്സ് റേയില്‍ തള്ളവിരലില്‍ പൊട്ടലുണ്ടെന്ന് വ്യക്തമായതോടെ വില്യംസണ് ന്യൂസിലന്‍ഡിന്‍റെ അടുത്ത മത്സരങ്ങളിലും കളിക്കാനാവില്ലെന്ന് ഉറപ്പായി. അതേസമയം, പരിക്കുണ്ടെങ്കിലും വില്യംസണ്‍ ന്യൂസിലന്‍ഡ് ടീമിനൊപ്പം തുടരുമെന്നും അടുത്ത മാസമെങ്കിലും കളിക്കാനാകുമെന്നാണ് കരുതുന്നതെന്നും ന്യൂസിലന്‍ഡ് ടീം മാനേജ്മെന്‍റ് വ്യക്തമാക്കി.

Scroll to load tweet…

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്നു വില്യംസണ്‍. എന്നാല്‍ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് വില്യംസണ് കാല്‍മുട്ടിന് പരിക്കേറ്റത്. തുടര്‍ന്ന് ഐപിഎല്‍ സീസണ്‍ മുഴവുവന്‍ നഷ്ടമായ വില്യംസണ്‍ ശസ്ത്രക്രിയക്ക് വിധേയനായി. തുടര്‍ന്ന് ഏഴ് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നശേഷമാണ് ലോകകപ്പ് ടീമില്‍ തിരിച്ചെത്തിയത്. വില്യംസണിന്‍റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥമായിരിക്കും വരും മത്സരങ്ങളിലും ന്യൂസിലന്‍ഡിനെ നയിക്കുക. ലോകകപ്പില്‍ ആദ്യ മൂന്ന് കളികളും ജയിയ്യ ന്യൂസിലന്‍ഡ് പോയന്‍റ് പട്ടികയില്‍ ഒന്നാമതാണിപ്പോള്‍. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ട ന്യൂസിലന്‍ഡ് രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെയും തോല്‍പ്പിച്ചു. ഇന്നലെ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ന്യൂസിലന്‍ഡ് നാലാം മത്സരത്തില്‍ 18ന് അഫ്ഗാനിസ്ഥാനെ നേരിടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക