ലണ്ടന്‍: ഏകദിന ലോകകപ്പിന് മുന്‍പ് ഇംഗ്ലണ്ട് താരങ്ങള്‍ പരുക്കിന്‍റെ പിടിയില്‍. ലോകകപ്പ് ടീമിലുള്ള ജാസന്‍ റോയ്‌ക്കും ജോ ഡെന്‍ലിക്കും കഴിഞ്ഞ ദിവസം പരുക്കേറ്റിരുന്നു. ലോകകപ്പ് സ്‌ക്വാഡിലില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സാം ബില്ലിങ്‌സ് ചുമലിന് പരുക്കേറ്റ് അയര്‍ലന്‍ഡിനും പാക്കിസ്ഥാനുമെതിരായ പരമ്പരയ്‌ക്കുള്ള ഇംഗ്ലീഷ് ടീമില്‍ നിന്ന് പുറത്തായതാണ് പുതിയ വാര്‍ത്ത.

ബില്ലിങ്‌സ് പുറത്തായതോടെ പകരക്കാരനായി ബെന്‍ ഫോക്‌സിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിന്‍റെ ശ്രീലങ്കന്‍ ടെസ്റ്റ് പര്യടനത്തില്‍ തിളങ്ങിയ താരമാണ് ഫോക്‌സ്. ആദ്യമായാണ് ഫോക്‌സിന് ഏകദിന ക്ഷണം ലഭിക്കുന്നത്. താരങ്ങള്‍ക്ക് പരുക്കേറ്റാല്‍ ലോകകപ്പ് ടീമില്‍ പകരക്കാരനായി പരിഗണിക്കപ്പെടുമായിരുന്ന പേരാണ് ബില്ലിങ്‌സിന്‍റെത്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ ബില്ലിങ്‌സ് ഐപിഎല്ലില്‍ നിന്ന് നേരത്തെ താരം മടങ്ങിയിരുന്നു. 

ഓവലില്‍ റോയല്‍ ലണ്ടന്‍ ഏകദിന ടൂര്‍ണമെന്‍റില്‍ എസെക്‌സിന് എതിരായ മത്സരത്തിലാണ് സറേ താരമായ റോയ്‌ക്ക് തുടയ്ക്ക് പരുക്കേറ്റത്. പീറ്റര്‍ സിഡിലിന്‍റെ പന്തില്‍ പരുക്കേറ്റ താരം മൈതാനം വിടുകയായിരുന്നു. 16 റണ്‍സാണ് റോയ്‌ക്ക് മത്സരത്തില്‍ എടുക്കാനായത്. ലോകകപ്പ് മുന്നില്‍ കണ്ട് ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് പിന്‍മാറിയ താരമാണ് ജാസന്‍ റോയ്. ലണ്ടന്‍ ഏകദിന ടൂര്‍ണമെന്‍റിനിടെ തന്നെയാണ് ഡെന്‍ലിക്കും പരുക്കേറ്റത്.