ഓൾ സ്റ്റാർ ടീമിൽ നിന്ന് അവസാന നിമിഷം പിൻമാറിയ മെസിയെയും സഹതാരം ജോർഡി ആൽബയേയും ഒരുമത്സരത്തിൽ നിന്ന് വിലക്കാനാണ് നീക്കം.

മയാമി: ഇന്‍റർ മയാമി താരം ലിയോണൽ മെസിക്കെതിരെ നടപടിക്കൊരുങ്ങി മേജർ ലീഗ് സോക്കർ. ഓൾ സ്റ്റാർ ടീമിൽ നിന്ന് അവസാന നിമിഷം പിൻമാറിയ മെസിയെയും സഹതാരം ജോർഡി ആൽബയേയും ഒരുമത്സരത്തിൽ നിന്ന് വിലക്കാനാണ് നീക്കം. കൃത്യമായ കാരണമില്ലാതെ അവസാന നിമിഷം പിൻമാറിയ മെസിയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും എത്രവലിയ താരമാണെങ്കിലും ലീഗിലെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥർ ആണെന്നും എം എൽ എസ് കമ്മീഷണർ ഡോൺ ഗാർബർ പറഞ്ഞു.

മെസി മഹാനായ താരമാണെന്നും അദ്ദേഹത്തിനൊപ്പം കളിക്കുന്നതും പരിശീലിപ്പിക്കാന്‍ അവസരം ലഭിക്കുന്നതും വലിയ നേട്ടമാണെന്നും പറഞ്ഞ ഓള്‍ സ്റ്റാര്‍ ഇലവന്‍ പരിശീലകന്‍ നിക്കോ എസ്റ്റേവെസ് എന്നാല്‍ മത്സരത്തില്‍ കളിക്കാനിറങ്ങാത്ത മെസിയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. മത്സരത്തിൽ കളിക്കാൻ ഇറങ്ങിയ മറ്റ് താരങ്ങളെയും ബഹുമാനിക്കേണ്ടിയിരുന്നുവെന്നും നിക്കോ വ്യക്തമാക്കി.

വിലക്ക് വരികയാണെങ്കിൽ മെസിക്കും ആൽബയ്ക്കും മേജര്‍ ലീഗ് സോക്കറില്‍ സിൻസിനാറ്റിക്കെതിരായ അടുത്ത മത്സരം നഷ്ടമാവും. ബുധനാഴ്ച നടന്ന മേജര്‍ ലീഗ് സോക്കറിലെ ഓള്‍ സ്റ്റാര്‍ ഇലവനും മെക്സിക്കോയിലെ ലിഗ എംഎക്സും തമ്മിലുള്ള മത്സരത്തില്‍ ഓള്‍ സ്റ്റാര്‍ ഇലവന്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചിരുന്നു. സാം സറിഡ്ജും തായ് ബാരിബോയും ബ്രയാന്‍ വൈറ്റുമാണ് എംഎല്‍എസ് ഓള്‍ സ്റ്റാര്‍ ഇലവനായി സ്കോര്‍ ചെയ്തത്. ലിഗ എം എക്സിന്‍റെ സൂപ്പര്‍ താരമായ മെക്സിക്കോ താരം ജെയിംസ് റോഡ്രിഗസും മത്സരത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.

കഴിഞ്ഞ വര്‍ഷം പരിക്കുമൂലെ മെസിക്ക് ഓള്‍ സ്റ്റാര്‍ ഇലവനുവേണ്ടി കളിക്കാന്‍ ഇറങ്ങാനായിരുന്നില്ല. മേജര്‍ ലീഗ് സോക്കറില്‍ 18 ഗോളുകളുമായി ഗോള്‍ വേട്ടയില്‍ നാഷ്‌വില്ലെ താരം സാം സറിഡ്ജിനൊപ്പം ഒന്നാം സ്ഥാനത്താണിപ്പോള്‍ മെസി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക