ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ പാകിസ്ഥാൻ 74 റൺസിന് ജയിച്ചു. 63 റൺസെടുത്ത സഹിബ്സാദാ ഫർഹാനാണ് ടോപ് സ്കോറർ.

ധാക്ക: ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ പാകിസ്ഥാന് ആശ്വാസജയം. പാകിസ്ഥാൻ അവസാന മത്സരത്തിൽ 74 റൺസിന് ബംഗ്ലാദേശിനെ തോൽപിച്ചു. ആദ്യ രണ്ട് കളിയും ജയിച്ച് ബംഗ്ലാദേശ് നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഏഴ് വിക്കറ്റിന് 178 റൺസെടുത്തു. 63 റൺസെടുത്ത സഹിബ്സാദാ ഫർഹാനാണ് ടോപ് സ്കോറർ. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 104 റൺസിന് പുറത്തായി.ബംഗ്ലാദേശ് നിരയില്‍ എട്ടുപേർ രണ്ടക്കം കണ്ടില്ല. പാകിസ്ഥാനുവേണ്ടി സൽമാൻ മിർസ മൂന്നും ഫഹീം അഷ്റഫും ഹുസൈത തലത്തും രണ്ട് വിക്കറ്റ് വീതവും നേടി.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനായി ഓപ്പണര്‍മാരായ സഹിബ്സാദാ ഫര്‍ഹാനും(41 പന്തില്‍ 63) സയ്യിം അയൂബും(15 പന്തില്‍ 21) തകര്‍പ്പന്‍ തുടക്കമിട്ടു. 7.5 ഓവറില്‍ ഇരുവരും ചേര്‍ന്ന് 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാം നമ്പറിലെത്തിയ മുഹമ്മദ് ഹാരിസ് നിരാശപ്പെടുത്തിയെങ്കിലും 17 പന്തില്‍ 33 റണ്‍സെടുത്ത ഹസന്‍ നവാസ് ഫര്‍ഹാന് മികച്ച പിന്തുണ നല്‍കി.

ക്യാപ്റ്റൻ സല്‍മാന്‍ ആഗ(12), തലത് ഹസൈന്‍(1) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും 16 പന്തില്‍ 27 റണ്‍സടിച്ച മുഹമ്മദ് നവാസിന്‍റെ വെടിക്കെട്ട് പാകിസ്ഥാനെ 178 റണ്‍സിലെത്തിച്ചു. മറുപടി ബാറ്റിംഗില്‍ രണ്ടാം പന്തില്‍ തന്നെ തന്‍സിദ് ഹസനെ(0) നഷ്ടമായ ബംഗ്ലാദേശിന് പിന്നാലെ ക്യാപ്റ്റൻ ലിറ്റണ്‍ ദാസിന്‍റെ(8) വിക്കറ്റും നഷ്ടമായി. മുഹമ്മദ് നയീമും(10), മെഹ്ദി ഹസന്‍ മിറാസും(10) പ്രതീക്ഷ നല്‍കിയെങ്കിലും ജേക്കര്‍ അലി(1),, മെഹ്ദി ഹസന്‍(0), ഷമീം ഹൊസൈന്‍(5) എന്നിവരെ കൂടി നഷ്ടമായതോടെ 34-6ലേക്കും 41-7ലേക്കും കൂപ്പുകുത്തിയ ബംഗ്ലാദേശ് സ്കോറിന് 34 പന്തില്‍ 35 റണ്‍സെടുത്ത മൊഹമ്മദ് സൈഫുദ്ദീന്‍റെ പോരാട്ടമാണ് അല്‍പമെങ്കിലും മാന്യത നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക