Asianet News MalayalamAsianet News Malayalam

സീരി എയില്‍ ഇന്ററിനെതിരെ യുവന്റസിന് തോല്‍വി; ലിവര്‍പൂള്‍- മാഞ്ചസ്റ്റര്‍ മത്സരം സമനിലയില്‍

ജയത്തോടെ സീരി എയില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുളള എസി മിലാനൊപ്പമെത്തി ഇന്റര്‍. 18 മത്സരങ്ങളില്‍ 40 പോയിന്റാണ് ഇന്ററിനുള്ളത്.

Inter Milan beat Juventus in Serie A
Author
Inter Milan, First Published Jan 18, 2021, 11:19 AM IST

മിലാന്‍: സീരി എയില്‍ യുവന്റസിനെതിരെ ഇന്റര്‍മിലാന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ററിന്റെ ജയം. 12ാം മിനിറ്റില്‍ അര്‍തുറോ വിദാലും 52ാം മിനിറ്റില്‍ നികോളോ ബാരെല്ലെയുമാണ് ഇന്ററിനായി ഗോള്‍ നേടിയത്. ജയത്തോടെ സീരി എയില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുളള എസി മിലാനൊപ്പമെത്തി ഇന്റര്‍. 18 മത്സരങ്ങളില്‍ 40 പോയിന്റാണ് ഇന്ററിനുള്ളത്. എന്നാല്‍ എസി മിലാന്‍ ഒരു മത്സരം കുറവാണ് കളിച്ചത്. 33 പോയിന്റുള്ള റൊണാള്‍ഡോയുടെ യുവന്റസ് അഞ്ചാം സ്ഥാനത്താണ്. 

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍- യുനൈറ്റഡ് സമനില

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ലിവര്‍പൂള്‍- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ പോര് സമനിലയില്‍ അവസാനിച്ചു. ഇരുടീമിനും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ഇതോടെ, 37 പോയിന്റുമായി യുണൈറ്റഡ് ലീഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. 34 പോയിന്റുള്ള ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തായി. 

മാഞ്ചസ്റ്റര്‍ സിറ്റി, ക്രിസ്റ്റല്‍ പാലസിനെതിരെ വമ്പന്‍ ജയമാണ് നേടിയത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് സിറ്റി കീഴ്‌പ്പെടുത്തിയത്. ജോണ്‍ സ്‌റ്റോണ്‍സിന്റെ ഇരട്ട ഗോളുകളും ഗുണ്ടോഗന്‍, റഹീം സ്റ്റര്‍ലിംഗ് എന്നിവരുമാണ് ഗോളുകള്‍ നേടിയത്. ലെസ്റ്റര്‍ എതിരില്ലാത്ത രണ്ട് ഗോളിനെ സതാംപ്ടണെ തോല്‍പ്പിച്ചു. ജയിംസ് മാഡിസണ്‍, ഹാര്‍വി ബാര്‍ണസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. 

Inter Milan beat Juventus in Serie A

പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളിന് ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പിച്ചു. ആദ്യ പകുതിയില്‍ ടോട്ടനം രണ്ട് ഗോളിന് മുന്നിലായിരുന്നു. അഞ്ചാം മിനിറ്റില്‍ സെര്‍ജി ഓറിയറാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. നാല്‍പതാം മിനിറ്റില്‍ ഹാരി കെയ്ന്‍ ടോട്ടനത്തിന്റെ ലീഡുയര്‍ത്തി. അന്‍പത്തിയൊന്‍പതാം മിനിറ്റിലായിരുന്നു ഷെഫീല്‍ഡിന്റെ മറുപടി ഗോള്‍. ഡേവിഡ് മക്‌ഗോള്‍ഡ്രിക്കായിരുന്നു സ്‌കോറര്‍. തൊട്ടുപിന്നാലെ ഡൊംബെലെ ടോട്ടനത്തിനായി വീണ്ടും ലക്ഷ്യം കണ്ടു.

ബുണ്ടസ് ലിഗയില്‍ ബയേണിന് ജയം

മ്യൂനിച്ച്: ജര്‍മ്മന്‍ ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്കിന് ജയം. ബയേണ്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഫ്രൈബര്‍ഗിനെ തോല്‍പിച്ചു. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, തോമസ് മുള്ളര്‍ എന്നിവരുടെ ഗോളുകള്‍ക്കാണ് ബയേണിന്റെ ജയം. സീസണില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ഇരുപത്തിയൊന്നാമത്തെ ഗോളായിരുന്നു ഇത്. 16 കളിയില്‍ 36 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബയേണ്‍ മ്യൂണിക്ക്.

Follow Us:
Download App:
  • android
  • ios