കറാച്ചി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസകൊണ്ട് മൂടി മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. മൂന്ന് ഘടകങ്ങളാണ് ഇന്ത്യയെ ലോകോത്തര ടീമാക്കുന്നതെന്ന് ഇന്‍സമാം പറഞ്ഞു. രോഹിത് ശര്‍മയെയും വിരാട് കോലിയെയും പോലെ രണ്ട് ലോകോത്തര താരങ്ങള്‍ ഇന്ത്യക്കുണ്ടെന്നതാണ് അതിലൊന്ന്.

അവരെ പിന്തുണക്കാനായി കെ എല്‍ രാഹുലിനെയും ശ്രേയസ് അയ്യരെയും പോലുള്ള യുവതാരങ്ങളുമുണ്ട്. കോലിയും രോഹിത്തും വലിയ താരങ്ങളാണ്. പക്ഷെ അവരെക്കൊണ്ട് മാത്രം കളി ജയിക്കാനാവില്ല. അവിടെയാണ് രാഹുലിനെയും അയ്യരെയും പോലുള്ള കളിക്കാരുടെ മികവ് ഇന്ത്യക്ക് ഗുണകരമാവുന്നത്. അവരുടെ സാന്നിധ്യം ഇന്ത്യയെ വ്യത്യസ്ത തലത്തിലെത്തിക്കുന്നു.

വിദേശത്ത് പരമ്പര ജയിക്കുക എന്നത് വലിയ കാര്യമാണ്. ന്യൂസിലന്‍ഡ‍ില്‍ പരമ്പര ജയിച്ചതിലൂടെ ഇന്ത്യ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. എതിരാളികള്‍ക്ക് മേല്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്ന രണ്ടാമത്തെ ഘടകം ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് ഷമിയെയും പോലുള്ള  ബൗളര്‍മാരുടെ സാന്നിധ്യമാണ്. ബുമ്ര ലോകത്തിലെ ഒന്നാം നമ്പര്‍ ബൗളറാണ്. ഷമിയും മോശമല്ല. സ്പിന്നര്‍മാരും നല്ല രീതിയില്‍ പന്തെറിയുന്നു.

ഇന്ത്യയെ സഹായിക്കുന്ന മൂന്നാമത്തെ ഘടകം വിരാട് കോലിയുടെ ശരീരഭാഷയാണ്. കോലിയുടെ ശരീരഭാഷതന്നെ മറ്റ് കളിക്കാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള പ്രചോദനമാണെന്നും ഇന്‍സമാം പറഞ്ഞു.