7 റൺസുമായി രോഹിത് ശര്‍മ്മയും 2 റൺസുമായി റയാൻ റിക്കൽട്ടണുമാണ് പുറത്തായത്.
മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേയിൽ തന്നെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ(7)യുടെയും റിയാൻ റിക്കൽട്ടന്റെയും(2) വിക്കറ്റുകൾ മുംബൈയ്ക്ക് നഷ്ടമായി. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ മുംബൈ 2 വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് എന്ന നിലയിലാണ്. 30 റൺസുമായി വിൽ ജാക്സും 16 റൺസുമായി സൂര്യകുമാര്‍ യാദവുമാണ് ക്രീസിൽ.
മുഹമ്മദ് സിറാജാണ് ഗുജറാത്തിന് വേണ്ടി ബൗളിംഗ് ആക്രമണത്തിന് തുടക്കമിട്ടത്. രണ്ടാം പന്തിൽ തന്നെ റിയാൻ റിക്കൽട്ടണെ പുറത്താക്കി സിറാജ് ഗുജറാത്തിന് ആദ്യ പ്രഹരമേൽപ്പിച്ചു. വിൽ ജാക്സ് മുംബൈയ്ക്ക് വേണ്ടി ആദ്യ ബൗണ്ടറി നേടിയതോടെ ആദ്യ ഓവറിൽ പിറന്നത് 6 റൺസ്. ബൗണ്ടറി വഴങ്ങാതെ 4 റൺസ് മാത്രം വിട്ടുകൊടുത്ത് അര്‍ഷാദ് ഖാൻ രണ്ടാം ഓവര്‍ ഗംഭീരമാക്കി. എന്നാൽ, മൂന്നാം ഓവറിൽ മുഹമ്മദ് സിറാജിനെതിരെ വിൽ ജാക്സ് ആക്രമണം അഴിച്ചുവിട്ടു. ആദ്യ പന്തിൽ സിക്സറും രണ്ടാം പന്തിൽ ബൗണ്ടറിയും പറത്തി വിൽ ജാക്സ് വാങ്കഡെയെ ആവേശത്തിലാക്കി. രോഹിത് ശര്‍മ്മയുടെ വക ബൗണ്ടറി എത്തിയതോടെ 3 ഓവറിൽ മുംബൈയുടെ സ്കോര്‍ 1ന് 25.
നാലാം ഓവറിന്റെ മൂന്നാം പന്തിൽ തന്നെ രോഹിത് ശര്‍മ്മയെ പുറത്താക്കി അര്‍ഷാദ് ഖാൻ ഗുജറാത്തിനെ മുന്നിലെത്തിച്ചു. 8 പന്തിൽ 7 റൺസ് മാത്രം നേടാനെ രോഹിത്തിന് സാധിച്ചുള്ളൂ. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 5-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളും അവസാന പന്തും ബൗണ്ടറി കടത്തി. 6-ാം ഓവറിൽ വിൽ ജാക്സും 3 ബൗണ്ടറികൾ നേടിയതോടെ മുംബൈയുടെ സ്കോര്‍ 50 കടന്നു. ഫീൽഡിംഗിലെ പിഴവ് കാരണം മുംബൈ ബാറ്റര്‍മാരുടെ ആയുസ് കൂട്ടിക്കിട്ടുകയും ചെയ്തു.


