രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് വാര്‍ണര്‍, സഞ്ജു സാംസണ്‍ എന്നിവര്‍ ടീമില്‍ ഇടം നേടിയില്ല.

മുംബൈ: എക്കാലത്തേയും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് മുന്‍ താരങ്ങളായ ഷോണ്‍ പൊള്ളോക്കും ആഡം ഗില്‍ക്രിസ്റ്റും. മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. ഡേവിഡ് വാര്‍ണറും ടീമിലെത്തിയില്ല. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും ടീമിന് പുറത്താണ്. എം ധോണി, വിരാട് കോലി എന്നിവരെല്ലാം ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് പേസര്‍മാരും മൂന്ന് സ്പിന്നര്‍മാരും ഉള്‍പ്പെടുന്നതാണ് ടീം.

ക്രിസ് ഗെയ്‌ലാണ് ഇരുവരും തിരഞ്ഞെടുത്ത ടീമിന്റെ ഓപ്പണര്‍. അദ്ദേഹത്തിനൊപ്പം ആര്‍സിബിയുടെ വിരാട് കോലി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഗെയ്‌ലും മുമ്പ് ആര്‍സിബിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് വിരമിച്ച സുരേഷ് റെയ്‌ന മൂന്നാം നമ്പറില്‍ കളിക്കും. ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് റെയ്‌ന. 'മിസ്റ്റര്‍ ഐപിഎല്‍' എന്നാണ് അദ്ദേഹത്തിന്റെ വിളിപ്പേര് തന്നെ. പിന്നാലെ എബി ഡിവില്ലിയേഴ്‌സ് കളിക്കാനെത്തും. ആര്‍സിബിയിലാണ് അദ്ദേഹം കൂടുതല്‍ കാലം ചെലവഴിച്ചത്. 

പിന്നാലെ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ്. വിക്കറ്റ് കീപ്പറായി എം എസ് ധോണിയും കളിക്കും. ധോണിക്കൊപ്പം രവീന്ദ്ര ജഡേജയ്ക്കും എക്കാലത്തേയും മികച്ച ടീമില്‍ ഇടം ലഭിച്ചു. ബാറ്റ് ചെയ്യുന്നതിനൊപ്പം പന്തെറിയാനും മിടുക്കനാണ് ജഡ്ഡു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സുനില്‍ നരെയ്ന്‍ വെല്ലുവിളികളില്ലാതെ തന്നെ ടീമിലെത്തി. പേസര്‍മാരായി ജസ്പ്രിത് ബുമ്രയും ലസിത് മലിംഗയും. ഇരുവരും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചിട്ടുള്ളവരാണ്. യൂസ്‌വേന്ദ്ര ചാഹലാണ് ടീമിലെ മറ്റൊരു സ്പിന്നര്‍. 

ഇരുവരും തിരഞ്ഞെടുത്ത എക്കാലത്തേയും മികച്ച ഐപിഎല്‍ ടീം: ക്രിസ് ഗെയ്ല്‍, വിരാട് കോലി, സുരേഷ് റെയ്‌ന, എബി ഡിവില്ലിയേഴ്‌സ്, സൂര്യകുമാര്‍ യാദവ്, എം എസ് ധോണി, രവീന്ദ്ര ജഡേജ, സുനില്‍ നരെയ്ന്‍, ജസ്പ്രിത് ബുമ്ര, ലസിത് മലിംഗ, യൂസ്‌വേന്ദ്ര ചാഹല്‍.