കൊല്‍ക്കത്ത: ഐപിഎല്‍ താരലേലം 19ന് കൊല്‍ക്കത്തയില്‍ നടക്കുമ്പോള്‍ വിലകൂടിയ താരം  ആരാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. താരലേലത്തില്‍ ഏത് ടീമും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന അഞ്ച് കളിക്കാര്‍ ഇവരാണ്.

ഷെല്‍ഡണ്‍ കോട്രല്‍വിക്കറ്റെടുത്താല്‍ സല്യൂട്ട് അടിച്ച് ആഘോഷിക്കുന്ന കോട്രല്‍ സ്റ്റൈല്‍ ലോകകപ്പ് മുതലെ ആരാധകര്‍ക്ക് പരിചിതമാണ്. ഇന്ത്യക്കെതിരായ ടി20, ഏകദിന പരമ്പരകളിലും കോട്രല്‍ മികവ് കാട്ടിയതോടെ താരലേലത്തില്‍ കോട്രലിനായി ടീമുകള്‍ വാശിയോടെ ലേലം വിളിക്കാനുള്ള സാധ്യതകളുണ്ട്.

ടോം ബാന്റണ്‍: ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ഇത്തവണ ഐപിഎല്ലില്‍ തരംഗമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സോമര്‍സെറ്റ് താരമായ ബാന്റണ്‍ സീസണില്‍ 161.47 ശരാശരിയില്‍ 549 റണ്‍സാണ് അടിച്ചുകൂട്ടിയത്. ആകെ 67 ബൗണ്ടറിയും 23 സിക്സറും പറത്തി റെക്കോര്‍ഡുമിട്ടു. പവര്‍ ഹിറ്ററായ 21കാരന്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇംഗ്ലണ്ടിനായി അരങ്ങേറുകയും ചെയ്തു.

പാറ്റ് കമിന്‍സ്: ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം നമ്പര്‍ ബൗളറായ കമിന്‍സ് കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി ഓസീസ് ബൗളിംഗിന്റെ കുന്തമുനയാണ്. ടെസ്റ്റിലെ മികവ് ഏകദിനത്തിലും ആവര്‍ത്തിക്കുന്ന കമിന്‍സിനായി ടീമുകള്‍ രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഗ്ലെന്‍ മാക്സ‌വെല്‍: ഇത്തവണ ലേലത്തില്‍ ഏറ്റവും വിലകൂടിയ താരം ഗ്ലെന്‍ മാക്സ്‌വെല്‍ ആയാലും അത്ഭുതപ്പെടാനില്ല. വെടിക്കെട്ട് ബാറ്റ്സ്മാനായ മാക്സ്‌വെല്ലിനെ ടീമുകള്‍ ലക്ഷ്യം വെക്കുന്നുമുണ്ട്. ആരാകും മാക്സ്‌വെല്ലിനെ പൊന്നുംവില നല്‍കി സ്വന്തമാക്കുക എന്ന് മാത്രമെ ഇനി അറിയാനുള്ളു.

ക്രിസ് ലിന്‍: കൊല്‍ക്കത്ത ഒഴിവാക്കിയ ലിന്‍ അബുദാബിയില്‍ നടന്ന ട10 ലീഗില്‍ മിന്നുന്ന ഫോമിലായിരുന്നു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തക്കായി കാര്യമായി തിളങ്ങാനായില്ലെങ്കിലും നിലവിലെ ഫോമില്‍ ലിന്നിനെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിക്കുമെന്നുറപ്പ്.