ചെന്നൈ: അടുത്തമാസം യുഎഇയില്‍ ആരംഭിക്കുന്ന ഐപിഎല്ലിന് താരങ്ങളുടെ കുടുംബത്തെ കൂടെ കൂട്ടേണ്ടെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കളിക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബയോ സെക്യുര്‍ ബബ്ബിളിന് പുറത്ത് പോകാനാവില്ലെന്ന് ബിസിസിഐ മാര്‍ഗനിര്‍ദേശമുള്ളതിനാല്‍ ആദ്യഘട്ടത്തിലെങ്കിലും കുടുംബത്തെ കൂട്ടാതെയാകും ചെന്നൈ ഐപിഎല്ലിനിറങ്ങുക എന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മത്സരത്തിനിടയിലും പരിശീലനവേളയിലും കുടുംബാംഗങ്ങള്‍ക്ക് കളിക്കാരുടെ സമീപം പോകാനാവില്ലെന്ന് ബിസിസിഐ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

ഈ മാസം 19ന് ദുബായിലേക്ക് പോകുന്നതിന് മുമ്പ്  ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ചെന്നൈയില്‍ ഒത്തുചേരും. ദുബായിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചിട്ടില്ലാത്തതിനായല്‍ ചാര്‍ട്ടേഡ് വിമാനത്തിലാവും ചെന്നൈ താരങ്ങള്‍ ദുബായിലേക്ക് പോകുക. ദുബായില്‍ ബുര്‍ജ് ഖലീഫക്ക് സമീപമുള്ള പഞ്ച നക്ഷത്ര ഹോട്ടലിലാകും ചെന്നൈ താരങ്ങള്‍ക്ക് താമസം ഒരുക്കുക. ഹോട്ടലിലെ രണ്ടോ മൂന്നോ നിലകള്‍ പൂര്‍ണമായും കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും മാത്രമായി മാറ്റിവെക്കും. ഇവിടെ പ്രത്യേക എയര്‍ കണ്ടീഷണിംഗ് സംവിധാനവും ഏര്‍പ്പെടുത്തും.

അതേസമയം, കരീബിയന്‍ പ്രീമിയര്‍ ലീഗും ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിന പരമ്പരയും ഉള്ളതിനാല്‍ ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തില്‍ ചില കളിക്കാരുടെ സേവനം ചെന്നൈക്ക് ലഭ്യമാകാനിടയില്ല. സെപ്റ്റംബര്‍ 12നാണ് കരീബീയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍. ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിന പരമ്പര സെപ്റ്റംബര്‍ 16നാണ് പൂര്‍ത്തിയാവുക. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഡ്വയിന്‍ ബ്രാവോ, മിച്ചല്‍ സാന്റ്നര്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ക്ക് ദുബായിലെത്തി ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയശേഷമെ ടീമിനൊപ്പം ചേരാനാവു.

അതുപോലെ ഇംഗ്ലണ്ട് ഓള്‍ റൗണ്ടറായ സാം കറനും, ജോഷ് ഹേസല്‍വുഡും ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിന പരമ്പരയില്‍ കളിക്കുന്നുണ്ട്. ടീമിലെ മറ്റ് വിദേശതാരങ്ങളായ ഷെയ്ന്‍ വാട്സണും, ഫാഫ് ഡൂപ്ലെസിയും ലുങ്കി എങ്കിടിയും ദുബായില്‍ ടീമിനൊപ്പം ചേരും.