കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രതീക്ഷയത്രയും ആന്ദ്രെ റസലിന്റെ വെടിക്കെട്ട് ബാറ്റിംഗിലാണ്. 60 പന്ത് കിട്ടിയാല്‍ റസല്‍ ടി20യിലും ഡബിള്‍ സെഞ്ചുറി അടിക്കുമെന്നും റസലിനെ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കുന്നകാര്യം പരിഗണിക്കുമെന്നും കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ടീം മെന്ററായ ഡേവിഡ് ഹസി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ റസല്‍ വെടിക്കെട്ടിന് തടയിടാന്‍ കഴിയുന്ന അധികം ബൗളര്‍മാരൊന്നുമില്ലെന്ന് തുറന്നു പറയുകയാണ് കൊല്‍ക്കത്ത മുന്‍ നായകന്‍ കൂടിയായ ഗൗതം ഗംഭീര്‍.

റസലിന്റെ വെടിക്കെട്ട് ബാറ്റിംഗിന് തടയിടാന്‍ കഴിയുന്ന രണ്ടോ മൂന്നോ ബൗളര്‍മാരെയുള്ളു. അവരിലൊരാള്‍ മുംബൈ ഇന്ത്യന്‍സിന്റെ ജ്സപ്രീത് ബുമ്രയാണെന്ന് ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡില്‍ പങ്കെടുത്ത് പറഞ്ഞു. റസലിന്റെ ഫോം കണക്കിലെടുത്ത് കൊല്‍ക്കത്ത അദ്ദേഹത്തെ ബാറ്റിംഗ് ഓര്‍ഡറില്‍ അഞ്ചാം നമ്പറില്‍ താഴെക്ക് ഇറക്കരുതെന്നും ഗംഭീര്‍ പറഞ്ഞു. റസലിനെ ഏത് നമ്പറില്‍ കളിപ്പിക്കുന്നു എന്നതല്ല പ്രധാനം, എത്ര ഓവറുകള്‍ അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ കിട്ടുമെന്നതാണ്. ബാറ്റിംഗ് പൊസിഷനില്‍ വലിയ കാര്യമൊന്നുമില്ല. കാരണം ആറു പന്തുകള്‍കൊണ്ട് ഒരു ടി20 മത്സരത്തിന്റെ ഫലം തന്നെ ചിലപ്പോള്‍ മാറിമറിയും.

കൊല്‍ക്കത്തക്ക് മികച്ച തുടക്കം ലഭിച്ചാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ റസലിനെ ഓയിന്‍ മോര്‍ഗന് മുമ്പ് ഇറക്കാവുന്നതാണ്. മോര്‍ഗനുശേഷം റസലിനെ ഇറക്കണമെന്നൊന്നുമില്ല. നാലാം നമ്പറിലും റസലിനെ ബാറ്റിംഗിന് ഇറക്കാവുന്നതാണെന്നും ഗംഭീര്‍ പറഞ്ഞു.  കഴിഞ്ഞ ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരുടെ മനംകവര്‍ന്ന റസല്‍ 204.81 പ്രഹരശേഷിയില്‍ 510 റണ്‍സാണ് കൊല്‍ക്കത്തക്കായി അടിച്ചുകൂട്ടിയത്. 11 വിക്കറ്റുകളും റസല്‍ നേടി.

റസലിന്റെ വെടിക്കെട്ടിനും പക്ഷെ കൊല്‍ക്കത്തയെ പ്ലേ ഓഫിലെത്തിക്കാനായില്ല. അഞ്ചാം സ്ഥാനത്താണ് കഴിഞ്ഞ തവണ കൊല്‍ക്കത്ത ഫിനിഷ് ചെയ്തത്. ഈ മാസം 19ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ 23ന് മുംബൈ ഇന്ത്യന്‍സിനെതിരെ ആണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.