ലണ്ടന്‍: ഐപിഎല്ലില്‍ കഴിഞ്ഞ സീസണിലെ ചീത്തപ്പേര് മാറ്റി കപ്പടിക്കാനുള്ള തയ്യാറെടുപ്പിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ടീമിന് പുതിയ ലുക്ക് നല്‍കുന്നതിന്‍റെ ഭാഗമായി പുതുക്കിയ ലോഗോ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. അടിമുടി ടീമിനെ ഉടച്ചുവാര്‍ത്ത് കപ്പടിക്കാനാണ് ആര്‍സിബി തയ്യാറെടുക്കുന്നത്. കപ്പടിക്കണമെങ്കില്‍ ചെയ്യേണ്ടത് ഒരേയൊരു കാര്യം മാത്രമാണ് എന്ന ഉപദേശം നല്‍കുകയാണ് ടീമിന്‍റെ മുന്‍ ഉടമ വിജയ് മല്യ.

'ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ നിന്നാണ് വിരാട് കോലി ആര്‍സിബിയിലെത്തിയത്. വിരാട് ടീം ഇന്ത്യയെ വലിയ ഉയരങ്ങളിലേക്ക് നയിച്ചു, അസാധാരണ താരമാണ് അയാള്‍. ഐപിഎല്ലില്‍ അദേഹത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുക. ഏറെക്കാലമായി കാത്തിരിക്കുന്ന ഐപിഎല്‍ ട്രോഫി ആരാധകര്‍ക്ക് വേണം'- വിജയ് മല്യ ട്വീറ്റ് ചെയ്തു.

ഐപിഎല്ലിന്‍റെ ആദ്യ സീസണ്‍ മുതല്‍ കളിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇതുവരെ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ 2009, 2011, 2016 വര്‍ഷങ്ങളില്‍ റണ്ണര്‍‌അപ്പായി. കഴിഞ്ഞ മൂന്ന് സീസണിലും(2017, 2018, 2019) ലീഗ് സ്റ്റേജിന് അപ്പുറം കടക്കാന്‍ ആര്‍സിബിക്കായില്ല. മാര്‍ച്ച് 29നാണ് ഐപിഎല്‍ പതിമൂന്നാം സീസണിന് തുടക്കമാകുന്നത്.