മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ മത്സരങ്ങള്‍ക്ക് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് വേദിയാവില്ല. ഏഴ് ഹോം മത്സരങ്ങളില്‍ രണ്ടെണ്ണം ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ കളിക്കാന്‍ ഐപിഎല്‍ ഭരണസമിതി റോയല്‍സിന് അനുമതി നല്‍കി. ഗുവാഹത്തിക്കും തിരുവനന്തപുരത്തിനും പുറമെ ലക്‌നൗ, അഹമ്മദാബാദ് എന്നിവിടങ്ങളെയും ഹോം വേദിയായി രാജസ്ഥാന്‍ റോയല്‍സ് പരിഗണിച്ചിരുന്നു. 

ഏപ്രില്‍ അഞ്ചിന് ഡല്‍ഹി ക്യാപിറ്റല്‍സിനും എട്ടിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും എതിരെയുമാണ് ഈ മത്സരങ്ങള്‍. എട്ട് മണിക്കാണ് ഇരു മത്സരങ്ങളും ആരംഭിക്കുക. രാജസ്ഥാന്‍റെ ബാക്കിയുള്ള ഹോം മത്സരങ്ങള്‍ ജയ്‌പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ തന്നെ നടക്കും. ആദ്യമായാണ് ഗുവാഹത്തി ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആരാധക പിന്തുണ വര്‍ധിപ്പിക്കാന്‍ കൂടിയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ നീക്കം. 

നേരത്തെ, ഫ്രാഞ്ചൈസിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ജേക്ക് ലഷ് മക്രം, അസമില്‍ നിന്നുള്ള രാജസ്ഥാന്റെ യുവതാരം റയാന്‍ പരാഗിനൊപ്പം ബര്‍സാപര സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. 

ഐപിഎല്‍ പതിമൂന്നാം സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഗുവാഹത്തിയില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാമ്പ് നടക്കും. ‌ഏപ്രില്‍ രണ്ടിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെയാണ് സീസണില്‍ റോയല്‍സിന്‍റെ ആദ്യ മത്സരം. 

ജയ്‌പൂരിലെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നിന്നുമാറി രാജസ്ഥാന്‍ റോയല്‍സ് വേദി കണ്ടെത്തുന്നത് ഇതാദ്യമല്ല. 2010ല്‍ അഹമ്മദാബാദിലെ മൊട്ടേറയിലും 2015ല്‍ മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലും രാജസ്ഥാന്‍ റോയല്‍സ് ഹോം മാച്ചുകള്‍ കളിച്ചു. സവായ് മാന്‍സിങ് സ്റ്റേഡിയത്തിന് 30,000 കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്.