Asianet News MalayalamAsianet News Malayalam

റെയ്നക്ക് പിന്നാലെ ഹര്‍ഭജനും ഐപിഎല്ലിനില്ല

ഇത്തവണത്തെ ഐപിഎല്ലില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ പങ്കെടുക്കുന്നില്ലെന്നും ഈ വിഷമഘട്ടത്തില്‍ കുടുംബത്തോടൊപ്പം സമയം ചെലവിടാനാണ് താല്‍പര്യപ്പെടുന്നതെന്നും ഹര്‍ഭജന്‍ ട്വീറ്റില്‍ പറയുന്നു.

IPL 2020 Harbhajan Singh pull out of IPL 2020 due to personal reasons
Author
Chennai, First Published Sep 4, 2020, 6:17 PM IST

ചെന്നൈ: വ്യക്തിപരമായ കാരണങ്ങളാല്‍ സുരേഷ് റെയ്ന ഐപിഎല്ലില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെ സീനിയര്‍ താരമായ ഹര്‍ഭജന്‍ സിംഗും ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഹര്‍ഭജന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്‍മാറ്റമെന്നും ഹര്‍ഭജന്‍ ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ മാസം ഐപിഎല്ലില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ നിന്ന് ദുബായിലേക്ക് യാത്രതിരിച്ച ചെന്നൈ ടീമിനൊപ്പം ഹര്‍ഭജന്‍ യാത്ര ചെയ്തിരുന്നില്ല.

ഇത്തവണത്തെ ഐപിഎല്ലില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ പങ്കെടുക്കുന്നില്ലെന്നും ഈ വിഷമഘട്ടത്തില്‍ കുടുംബത്തോടൊപ്പം സമയം ചെലവിടാനാണ് താല്‍പര്യപ്പെടുന്നതെന്നും ഹര്‍ഭജന്‍ ട്വീറ്റില്‍ പറയുന്നു. ചെന്നൈ ടീം നല്‍കിയ പിന്തുണക്ക് നന്ദി പറഞ്ഞ ഹര്‍ഭജന്‍ ടീമിന് എല്ലാവിധ ആശംസകളും നേര്‍ന്നു. ഇത്തവണ ഐപിഎല്ലിനുണ്ടാവില്ലെന്ന് ഹര്‍ഭജന്‍ അറിയിച്ചുവെന്നും അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ പ്രതികരിച്ചു. കഴിഞ്ഞ മാസം 15 മുതല്‍ 21 വരെ ചെന്നൈയില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പരിശീലന ക്യാംപിലും ഹര്‍ഭജന്‍ പങ്കെടുത്തിരുന്നില്ല.

ചെന്നൈ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് ഉള്‍പ്പെടെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സുരേഷ് റെയ്ന ടീം ക്യാംപ് വിട്ട് ഇന്ത്യയിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കളിക്കാരാണ്. ടീം ക്യാംപ് വിട്ട റെയ്നയുടെ നടപടിയില്‍ ടീം ഉടമയായ എന്‍ ശ്രീനിവാസന്‍ അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ കുടുംബാംഗങ്ങളുടെ കൊലപാതകത്തെത്തുടര്‍ന്നാണ് ടീം ക്യാംപ് വിട്ട് തിരിച്ചെത്തേണ്ടിവന്നതെന്നും ഈ സീസണില്‍ ഇനിയും ടീമിനൊപ്പം ചേരാനാകുമെന്നും റെയ്ന പ്രതികരിച്ചു.

അതേസമയം, ടീമില്‍ പുതുതായി ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ടീം സിഇഒ കാശി വിശ്വനാഥന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചവരെ 14 ദിവസത്തിനുശേഷം വീണ്ടും പരിശോധനക്ക് വിധേയരാക്കുമെന്നും ഇതിനുശേഷം നെഗറ്റീവായാല്‍ ഇവര്‍ക്ക് ടീമിനൊപ്പം ചേരാമെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios