ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണിനായി അവസാനവട്ട തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു യുഎഇയിലെത്തിയ ടീമുകള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(ആര്‍സിബി) നായകന്‍ കോലിയും ഒരുക്കങ്ങളുടെ തിരക്കിലാണ്. റണ്‍മഴ പെയ്യുന്ന ബാറ്റുകളുടെ മൂര്‍ച്ചകൂട്ടുന്ന കോലിയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നു. 

ബാറ്റൊന്ന് മിനുക്കാന്‍ വാളെടുത്തിരിക്കുകയാണ് ആര്‍സിബി നായകന്‍. ബാറ്റിന്‍റെ പിടി വാള്‍ ഉപയോഗിച്ച് മുറിച്ച് നീളം പാകപ്പെടുത്തുകയാണ് കിംഗ് കോലി. കോലി തന്നെയാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബാറ്റിന്‍റെ ബാലന്‍സ് നിര്‍ണയിക്കുന്നതില്‍ ചെറിയ സെന്‍റിമീറ്ററുകള്‍ പോലും നിര്‍ണായകമാണ് എന്ന കുറിപ്പോടെയാണ് കോലിയുടെ വീഡിയോ. 

കോലിയുടെ വീഡിയോയ്‌ക്ക് കീഴെ ആരാധകരുടെ കമന്‍റുകള്‍ നിറയവേ രസകരമായ ചോദ്യവുമായി എത്തി മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറും ഇന്ത്യന്‍ ടീമില്‍ സഹതാരവുമായ ഹര്‍ദിക് പാണ്ഡ്യ. 'എന്‍റെ കുറച്ച് ബാറ്റുകള്‍ അയക്കുന്നു' എന്നായിരുന്നു ഹര്‍ദിക്കിന്‍റെ കമന്‍റ്. സെപ്റ്റംബര്‍ 19നാണ് യുഎഇയില്‍ ഐപിഎല്‍ ആരംഭിക്കുന്നത്. കഴിഞ്ഞ സീസണില്‍ കോലിയുടെ ആര്‍സിബി അവസാന സ്ഥാനക്കാരായിരുന്നു.